cpm-kannur

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തെ ചൊല്ലി സി.പി.എം സംസ്ഥാനസമിതിയിൽ തുറന്ന വിമർശനം. ആന്തൂർ വിഷയത്തിൽ എം.വി ഗോവിന്ദൻ ഇടപെട്ടുവെന്ന് ജെയിംസ് മാത്യു എം.എൽ.എ തുറന്നടിച്ചു. വ്യവസായിക്ക് ലൈസൻസ് കൊടുക്കുന്നില്ലെന്ന പരാതി ലഭിച്ചപ്പോൾ തന്നെ സ്ഥലം എം.എൽ.എയായ താൻ പ്രശ്നത്തിൽ ഇടപെട്ടിരുന്നുവെന്ന് ജെയിംസ് മാത്യു പറഞ്ഞു.

അന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായ കെ.ടി ജലീലിനെ വിളിച്ച് ഇതേക്കുറിച്ച് താൻ പരാതി നൽകി. എന്നാൽ ഇതിനു തൊട്ടു പിന്നാലെ നഗരസഭാ സെക്രട്ടറി പി.കെ ശ്യാമളയുടെ ഭർത്താവ് കൂടിയായ എം.വി ഗോവിന്ദൻ കെ.ടി ജലീലിന്റെ പി.എയെ വിളിച്ച് സംസാരിച്ചു. ഇത് എന്തിനായിരുന്നുവെന്ന് ജെയിംസ് മാത്യു സംസ്ഥാന സമിതിയോഗത്തിൽ ചോദിച്ചു.അതേസമയം, ജെയിംസ് മാത്യുവിന്റെ ആരോപണത്തിൽ എം.വി ഗോവിന്ദൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ ആന്തൂർ നഗരസഭ അദ്ധ്യക്ഷ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്നും പി.ജയരാജൻ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പറയാൻ പാടില്ലായിരുന്നെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇങ്ങനെ പരസ്യപ്രസ്താവന നടത്തിയത് ശരിയായില്ലെന്നും പറയാനുള്ളത് പാർട്ടിഫോറത്തിലാണ് പറയേണ്ടതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനസമിതിയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയവേയാണ് ആരുടെയും പേരുപറയാതെ കോടിയേരി വിമർശിച്ചത്. ഇതോടെ സി.പി.എം കണ്ണൂർ ഘടകത്തിൽ കടുത്ത ഭിന്നതയുണ്ടെന്ന് വ്യക്തമായി.

അതേസമയം, സി.പി.എം കണ്ണൂർ ജില്ലാ മുൻസെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായ പി. ജയരാജനെ പാർട്ടിക്കെതിരെ ചിലർ ആയുധമാക്കുന്നുവെന്ന് കഴിഞ്ഞ ദിവസം സമാപിച്ച സി.പി.എം സംസ്ഥാനസമിതി യോഗത്തിൽ വിമർശനമുയർന്നിരുന്നു.

അദ്ദേഹത്തിന്റെ ചുരുക്കപ്പേരായ പി.ജെ എന്ന് ചേർത്ത് സമൂഹമാദ്ധ്യമത്തിലുള്ള 'പി.ജെ ആർമി' എന്ന പേജിനെ ചൊല്ലിയായിരുന്നു വിമർശനം. ഫാൻസ് അസോസിയേഷൻ എന്ന പേരിൽ . 'പി.ജെ ആർമി' പേജിൽ സി.പി.എം നേതൃത്വത്തിനെതിരെ വന്ന ചില പോസ്റ്റുകളെ ചൊല്ലിയാണ് പ്രധാനമായും വിമർശനമുയർന്നത്. ഫേസ്ബുക്ക് പേജിനെ തള്ളിപ്പറയാൻ സംസ്ഥാനസമിതിയിൽ നേതൃത്വം നിർദ്ദേശിച്ചിരുന്നു. തുടർന്ന് യോഗം അവസാനിച്ച ശേഷം രാത്രിയോടെ ജയരാജൻ പോസ്റ്റിട്ടു. പി.ജെ എന്നത് തന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകൾ അതിന്റെ പേരിൽ മാറ്റം വരുത്തണമെന്നായിരുന്നു അഭ്യർത്ഥന.