ബംഗളൂരു: ജനസമ്പർക്ക പരിപാടിക്കിടെ തന്റെ വാഹനവ്യൂഹം തടഞ്ഞുനിറുത്തി, പ്രതിഷേധവുമായി എത്തിയവരോട് പൊട്ടിത്തെറിച്ച് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. നിങ്ങൾ മോദിക്കല്ലേ വോട്ടുചെയ്തത് എന്ന് ചോദിച്ചുകൊണ്ടാണ് വൈദ്യുതിനിലയത്തിലെ ജീവനക്കാരോട് മുഖ്യമന്ത്രി കയർത്തു സംസാരിച്ചത്. ''ലാത്തിച്ചാർജിന് ഉത്തരവിടണോ? നിങ്ങളെല്ലാവരും മോദിക്കല്ലേ വോട്ടുചെയ്തത്. എന്നിട്ട് ഞാൻ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണോ? നിങ്ങളൊന്നും യാതൊരു ബഹുമാനവും അർഹിക്കുന്നില്ല" - എന്നാണ് കുമാരസ്വാമി പ്രതികരിച്ചത്.
റായ്പൂർ ജില്ലയിലെ താപവൈദ്യുത നിലയത്തിലെ ജീവനക്കാരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞുനിറുത്തി അദ്ദേഹത്തോട് പരാതി പറയാൻ ശ്രമിച്ചത്. മുഖ്യമന്ത്രി ഗ്രാമങ്ങളിൽ സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്ന, 'ഗ്രാമ വാസ്തവ്യ' പരിപാടിയുടെ ഭാഗമായി എത്തിയപ്പോഴായിരുന്നു ഇത്. എന്നാൽ, മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പെരുമാറ്റം കണ്ടുനിന്നവരെപ്പോലും അമ്പരിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, വൈദ്യുത നിലയത്തിലെ ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ 15 ദിവസത്തെ സമയം അഭ്യർത്ഥിച്ചിരുന്നെന്നും എന്നാൽ, അതിനുശേഷവും തന്റെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചത് അംഗീകരിക്കാനാവില്ലെന്നും അതുകൊണ്ടാണ് കടുത്തഭാഷയിൽ പ്രതികരിക്കേണ്ടിവന്നതെന്നുമാണ് കുമാരസ്വാമി പിന്നീട് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. സർക്കാർ എല്ലാവരോടും സഹിഷ്ണുതയോടെയാണ് പെരുമാറുന്നത്. എന്നാൽ, ഓരോ സാഹചര്യത്തിലും എങ്ങനെ പെരുമാറണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം- അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രി മാപ്പു പറയാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി മുന്നറിയിപ്പ് നൽകി.