കാലിഫോർണിയ : 'വെള്ളത്തിൽ കമിഴ്ന്നു കിടക്കുകയായിരുന്നു അച്ഛന്റെയും രണ്ട് വയസുള്ള മകളുടെയും മൃതദേഹങ്ങൾ. 'പ്രതീക്ഷ'യുടെ തീരത്ത് നിന്ന് മരണത്തിന്റെ ആഴങ്ങളിലേക്ക് ആണ്ട് പോകുമ്പോഴും അച്ഛന്റെ ടീ ഷർട്ടിനുള്ളിൽ ഹൃദയത്തോട് ചേർത്തു പിടിച്ചിരിക്കുകയായിരുന്നു മകളെ. വെള്ളത്തിൽ മുങ്ങിത്താഴുമ്പോഴും ആ പിഞ്ചോമന അച്ഛനെ ചുറ്റിപ്പിടിച്ച കൈകൾ അയച്ചിരുന്നില്ല.
എൽസാൽവഡോർ എന്ന കുഞ്ഞുരാജ്യത്ത് നിന്ന് മകൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതിനിടെ റിയോ ഗ്രാൻഡെ നദിയിൽ മുങ്ങി മരിച്ച അച്ഛന്റെയും മകളുടെയും ചിത്രം ലോക മനഃസാക്ഷിയുടെ നൊമ്പരമാകുന്നു. 'ഇത് അമേരിക്കയുടെ ഐലാൻ കുർദി നിമിഷം' എന്ന അടിക്കുറിപ്പോടെ ചിത്രം ലോകത്താകെ ഷെയർ ചെയ്യുന്നു.
ഒസ്‌കാർ ആൽബർട്ടോ മാർട്ടിനസ് രമീരസും മകൾ വലേരിയയുമാണ് അഭയാർത്ഥി ജീവിതത്തിന്റെ ദുരന്തകാഴ്ചയായത്. മെക്സിക്കൻ ദിനപത്രമായ ലാ ജൊർണാഡയാണ് ചിത്രം പ്രസിദ്ധീകരിച്ചത്. അമേരിക്കയിൽ അഭയം കിട്ടാനുള്ള ശ്രമങ്ങൾ വിഫലമായതോടെയാണ് രമീരസ് മകളുമായി ഞായറാഴ്ച നദിയിൽ നീന്തിത്തുടങ്ങിയത്. തിങ്കളാഴ്ചയാണ് മൃതദേഹങ്ങൾ കിട്ടിയത്.
'വീടുണ്ടാക്കണം, മെച്ചപ്പെട്ട ജീവിതം വേണം. അതിന് പണം വേണം. എങ്ങനെയെങ്കിലും അക്കരെ എത്തണമെന്ന് പറഞ്ഞാണ് വെള്ളത്തിലേക്ക് ചാടിയത്. പോകരുതെന്ന് കെഞ്ചി പറഞ്ഞിട്ടും കേട്ടില്ല' - രമീരസിന്റെ മാതാവ് റോസ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭർത്താവും മകളും മുങ്ങിത്താഴുന്നത് കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂവെന്ന് രമീരസിന്റെ ഭാര്യ ടാനിയ പറഞ്ഞു.
ആദ്യം മകളുമായി നദിയുടെ അക്കരെ ചെന്ന രമീരസ് മകളെ തീരത്ത് ഇരുത്തിയ ശേഷം ഭാര്യയെ കൂട്ടാനായി തിരിച്ചു നീന്താൻ തുടങ്ങി. അപ്പോഴേക്കും നദിയിൽ ഇറങ്ങിയ കുഞ്ഞ് വെള്ളത്തിൽ മുങ്ങി.അത് കണ്ട് തിരിച്ചെത്തിയ രമീരസ് മകളെ കോരിയെടുത്തെങ്കിലും രണ്ടു പേരും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
കഴിഞ്ഞ വർഷം ഇങ്ങനെ 283 പേരാണ് മരിച്ചത്.
ഗ്രീസിലേക്കുള്ള പലായനത്തിനിടെ കടലിൽ മുങ്ങി മരിച്ച സിറിയൻ ബാലൻ ഐലൻ കുർദ്ദിയുടെ ചിത്രം ലോകമനഃസാക്ഷിയെ മുറിവേൽപ്പിച്ചിരുന്നു.
അഭയാർത്ഥി പ്രശ്നത്തിന്റെ തീവ്രതയുടെ വേദനിപ്പിക്കുന്ന മുഖമാണ് ഐലൻ,