mahua-moithra-
MAHUA MOITHRA

ന്യൂഡൽഹി: ലോക്സഭാ സമ്മേളനത്തിൽ ഒറ്റപ്രസംഗം കൊണ്ട് താരമായി ബംഗാളിൽ നിന്ന് തൃണമൂൽ കോൺഗ്രസിന്റെ യുവ എം.പി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മോയിത്ര നടത്തിയ തീപ്പൊരി പ്രസംഗമാണ് ചർച്ചയാകുന്നത്. ബി.ജെ.പി നേടിയ വൻഭൂരിപക്ഷത്തെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞാണ് മഹുവ പ്രസംഗം ആരംഭിച്ചത്. എന്നാൽ വിജയം കൊണ്ട് അ‍ത്ഥമാക്കുന്നത് എതിർപ്പുകൾ ഇല്ലാതായെന്നല്ലെന്നും മഹുവ വ്യക്തമാക്കി. പ്രതിപക്ഷനിരയിൽ അംഗങ്ങൾ കുറവായിരിക്കാമെങ്കിലും അവരുടെ ശബ്ദവും കേൾക്കപ്പെടണമെന്ന് അവർ ആവശ്യപ്പെട്ടു.

50 വർഷമായി രാജ്യത്ത് താമസിക്കുന്ന മനുഷ്യർക്ക് അവരുടെ പൗരത്വത്തിന്‍റെ തെളിവ് ഹാജരാക്കേണ്ടി വരുന്ന അതേ ഇന്ത്യയിൽ തന്നെയാണ് കോളേജിൽ നിന്നുള്ള ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാനാവാത്ത മന്ത്രിമാരുള്ളത്. ബിജെപി, ആട്ടിയകറ്റാൻ ശ്രമിക്കുന്നത് ഈ മണ്ണിൽ ജനിച്ച് ഇവിടെ ജീവിക്കുന്ന മനുഷ്യരെയാണെന്ന് മഹുവ പറഞ്ഞു.

വിയോജിക്കാനുള്ള അവകാശത്തെ മോദി സർക്കാർ അടിച്ചമർത്തിയെന്നും അവർ ആരോപിച്ചു. വിയോജിപ്പിനുള്ള അവകാശം അടിസ്ഥാനപരമാണ്. സാംസ്കാരിക നായകരേയും ബുദ്ധിജീവികളേയും അവഗണിക്കുന്നത് ഇരുണ്ട കാലത്തേക്കുള്ള യാത്രയാണ്. അവരെ എതിർക്കുക മാത്രമല്ല, കൊന്നൊടുക്കുകയും ചെയ്യുന്നു. വിയോജിക്കാൻ എനിക്ക് അവകാശമുണ്ട്. ഞാൻ വിയോജിക്കുക തന്നെ ചെയ്യും. ഇത്രയും പറഞ്ഞ് ഉയർന്ന് കേട്ട കരഘോഷത്തിനിടെ മഹുവ പറഞ്ഞുനിർത്തി

മഹുവയുടെ പ്രസംഗം തടസപ്പെടുത്താൻ ശ്രമങ്ങളുണ്ടായെങ്കിലും പ്രസംഗം പൂർത്തിയാക്കിയ ശേഷമാണ് മഹുവ സീറ്റിലിരുന്നത്. പ്രതിപക്ഷാംഗങ്ങളുടെ കൈയടികളോടെ ആദ്യപ്രസംഗം കൊണ്ടുതന്നെ പാർലമെന്റിൽ അവർ സ്ഥാനം നേടി.

പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മഹുവ മോയിത്ര വിജയിച്ചത്. 2008ലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് മഹുവ ചുവടുമാറ്റുന്നത്. കുട്ടിക്കാലം അസമിലും കൊൽക്കത്തയിലുമായി ചെലവഴിച്ച മഹുവ പതിനഞ്ചാം വയസിൽ അമേരിക്കയിൽ ഉപരിപഠനത്തിനെത്തി. പഠനത്തിന് ശേഷം ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി ജോലി നോക്കിയ മഹുവ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി രാഷ്ട്രീയം തട്ടകമാക്കുകയായിരുന്നു.

2009ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു. രാഹുൽഗാന്ധിയുടെ വിശ്വസ്തരിൽ പ്രധാനിയായിരുന്നുലെങ്കിലും പെട്ടെന്ന് തന്നെ ഇവർ‌ കോൺഗ്രസ് വിടുകയും തൃണമൂൽ കോൺഗ്രസില്‍ ചേരുകയുമാണ് ഉണ്ടായത്. 2016ൽ ബംഗാളിലെ കരിമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് ഇവർ തിരഞ്ഞെടുക്കപ്പെട്ടു.

ടെലിവിഷൻ ചർച്ചകളിലെ സ്ഥിര സാന്നിധ്യമായിരുന്ന ഇവർ ചാനൽ ചർച്ചയ്ക്കിടെ അർണബ് ഗോസ്വാമിക്ക് നേരെ നടുവിരൽ ഉയർത്തി പ്രതിഷേധം രേഖപ്പെടുത്തിയത് വാർത്തയായിരുന്നു. അര്‍ണബിന്റേത് ഒരു വൺമാന്‍ ഷോയാണെന്ന് പരിഹസിച്ചാണ് ഇപ്രകാരം അവര്‍ ചെയ്തത്.

സിൽചാർ വിമാനത്താവളത്തി?ൽ പോലീസുകാര്‍ തടഞ്ഞതിനെ തുടർന്ന് മഹുവ ഒരു പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചത് വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തിറക്കിയതിനെ കുറിച്ചുള്ള സാഹചര്യം വിലയിരുത്തുന്നതിനായി എത്തിയ എട്ടംഗ തൃണമൂൽ കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു മഹുവയും. സിൽചാർ വിമാനത്താവളത്തിൽ ഇവരെ പോലീസുദ്യോഗസ്ഥർ തടഞ്ഞത് കൈയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. അന്ന് പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റിരുന്നു.