tv-anupama-ias

തിരുവനന്തപുരം: തൃശൂർ ജില്ലാ കളക്ടറായി സി.ഷാനവാസിനെ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നിലവിലെ കളക്ടർ ടി.വി അനുപമ അവധിക്ക് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാൻ തീരുമാനമായത്. സ്ഥാനമൊഴിയുന്ന അനുപമ തുടർ പരിശീലനത്തിനായി മുസോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും.

ആലപ്പുഴ കളക്ടറായിരുന്ന ടി.വി അനുപമ കഴിഞ്ഞ ജൂണിലായിരുന്നു തൃശൂരിലേക്ക് മാറിയത്. ഒരു വർഷം ജില്ലാ കളക്ടറായി തുടർന്ന ശേഷമാണ് അനുപമ പദവി ഒഴിയുന്നത്. മലപ്പുറം പൊന്നാനി സ്വദേശിയായ അനുപമ 2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അനുമതിയുമായി ബന്ധപ്പെട്ട് അനുപമ സ്വീകരിച്ച നിലപാടുകൾ ഏറെ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. നവോത്ഥാനത്തിനായി സംഘടിപ്പിച്ച വനിതാ മതിലിൽ അനുപമ പങ്കെടുത്തതും വലിയ വാർത്തയായിരുന്നു.