മെക്സിക്കോ സിറ്റി∙ മെക്സിക്കോയിൽ നിന്ന് യു.എസിലേക്കുള്ള കുടിയേറ്റശ്രമങ്ങൾക്കിടെ മരിക്കുന്നവരുടെ ഹൃദയം നുറുങ്ങുന്ന വാർത്തകൾ നിരവധിയാണ്.കുടിയേറ്റക്കാർക്ക് കടുത്ത നിയന്ത്രണമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആറുവയസുകാരിയായ ഇന്ത്യൻ ബാലിക അരിസോണയിലെ മരുഭൂമി മേഖലയിൽ വെള്ളം കിട്ടാതെ മരിച്ചതാണ് അതിൽ ഒടുവിലത്തേത്. എന്നാൽ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഒരു പിതാവിന്റെയും മകളുടെയും ചിത്രമാണ് ഇപ്പോൾ ലോകത്തെ നൊമ്പരപ്പെടുത്തുന്നത്. യു.എസിലേക്കു കുടിയേറാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിലെ റിയോ ഗ്രാൻഡ് തീരത്തായിരുന്നു അച്ഛനും മകളും മരണത്തിന് കീഴടങ്ങിയത്.
കമിഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണത്തിലേക്ക് നീങ്ങുമ്പോഴും ആൽബർട്ടോ മാർട്ടിനെസ് റാമിറസ് (25) എന്ന അച്ഛൻ തന്റെ രണ്ടരവയസുകാരിയായ പൊന്നോമനയെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. അച്ഛന്റെ ടീ ഷർട്ടിനുള്ളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു വലേരിയയുടെ മൃതദേഹം. യു.എസിൽ ശ്രമങ്ങൾ നിഷ്ഫലമായപ്പോഴാണ് റിയോ ഗ്രാൻഡ് നദി നീന്തിക്കടക്കാൻ ആൽബർട്ടോ മാർട്ടിനെസ് തീരുമാനിച്ചത്. ഏപ്രിൽ മൂന്നിന് എൽ സാൽവദോറിൽനിന്ന് യു.എസ് ലക്ഷ്യമാക്കി പുറപ്പെട്ടതാണ് റാമിറസിന്റെ കുടുംബം. അപകടത്തിൽപ്പെട്ടാലും കുഞ്ഞുമകൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ ടീ ഷർട്ടിനുള്ളിൽ വലേരിയയെ ചേർത്തു പിടിച്ചാണ് ആ അച്ഛൻ നീന്തിതുടങ്ങിയത്.
തിരിച്ചു പോകാമെന്നും നദി നീന്തിക്കടക്കരുതെന്നും താൻ കെഞ്ചിപ്പറഞ്ഞിട്ടും വീടുണ്ടാക്കാനും മെച്ചപ്പെട്ട ജീവിതത്തിനും പണം വേണമെന്നും ഇനി തിരിച്ചുപോക്കില്ലെന്നു പറഞ്ഞാണു മകളെയും ചേർത്തു പിടിച്ച് നദിയിൽ ഇറങ്ങിയതെന്നും മാതാവു പറഞ്ഞതായാണ് റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന റാമിറസിന്റെ ഭാര്യ ടാനിയ നീന്തി രക്ഷപ്പെട്ടു.
അച്ഛന്റെയും മകളുടെയും ദാരുണമരണം വേദനാജനകമാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രെ മാനുവൽ ലോപ്പസ് ഒബ്രദേർ പറഞ്ഞു. എന്നാൽ സംഭവത്തിൽ വൈറ്റ് ഹൗസ് വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാർ മെക്സിക്കൻ അതിർത്തിയിൽ കാത്തിരിക്കണമെന്നാണ് ട്രംപിന്റെ നയം. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെങ്കിൽ വർഷങ്ങളെടുക്കും. അങ്ങനെ കാത്തിരിക്കാൻ കവിയാതെയാണ് പലരും അപകടം പിടിച്ച വഴികളിലൂടെ അമേരിക്കയിൽ എത്താൻ ശ്രമിക്കുന്നത്.