ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുക, ജൂലായ് ഒന്നിന് തുടങ്ങുന്ന അമർനാഥ് യാത്രയുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾക്കായി രണ്ടു ദിവസത്തെ സന്ദർശനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കാശ്മീരിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം അമിത് ഷാ ആദ്യം സന്ദർശിക്കുന്ന സംസ്ഥാനം കാശ്മീരാണ്. പ്രോട്ടോകോൾ ലംഘിച്ച് ഗവർണർ സത്യപാൽ മാലിക് വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് അമിത് ഷായെ സ്വീകരിച്ചത്. സംസ്ഥാനങ്ങളിൽ സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രിമാരെ സ്വീകരിക്കാൻ മാത്രമാണ് സാധാരണ ഗവർണർമാർ എത്താറുള്ളത്. തുടർന്ന് ഷായുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ അദ്ദേഹത്തെ ധരിപ്പിച്ചി. ഹിമാലയത്തിലുള്ള അമർനാഥ് ക്ഷേത്രം സന്ദർശിക്കുന്ന ഷാ, ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും.