perfume

ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട ജർമൻ ഇതിഹാസ നോവലാണ് പാട്രിക് സൂസ്കിന്റിന്റെ പെർഫ്യും. 50 ഭാഷകളിലേക്ക് പെർഫ്യൂം ഇതുവരെ വിവർത്തനം ചെയ്തിട്ടുണ്ട്. ലോകവ്യാപകമായി 20 മില്യൺ കോപ്പികളാണ് ഇതുവരെ വിറ്റഴിച്ചത്. പെർഫ്യൂമിലൂടെ മനുഷ്യ മനസിന്റെ സങ്കീർണതകളിലേക്കാണ് നോവലിസ്റ്റായ പാട്രിക് സൂസ്കിന്റിന്റെയാത്ര. സൂസ്കിന്റെ രചനയുടെ തനിമ ചോർന്നുപോകാതെ മലയാളത്തിലാക്കിയിരിക്കുകയാണ് വിവർത്തകനായ പി.ആർ.പരമേശ്വരൻ. ഒരേ സമയം വായനക്കാരെ അസ്വസ്ഥരാക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്ന നോവലാണ് പെർ‌ഫ്യും. 2006ൽ ടോം ടെക്കർ ചലച്ചിത്രമാക്കിയപ്പോഴും ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ഷാങ് ബാപിസ്റ്റ് ഗ്രെനോയിൽ എന്ന ബാലന്റെ ജനനം തന്നെ അദ്ഭുതമായിരുന്നു. അവനുമുമ്പ് അവന്റെ അമ്മയുടെ ഗർഭപാത്രത്തിൽ പിറന്നവരെല്ലാം മണ്ണിലേക്ക് തന്നെ മടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ജനനത്തോടെ തന്നെ അവൻ ഉപേക്ഷിക്കപ്പെട്ടു. ചേരിയിൽ മരിക്കാതെ അവശേഷിച്ച അവന്റെ കരച്ചിൽ അമ്മയെ എത്തിച്ചത് ജയിലിൽ. നവജാത ശിശുവിനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ജയിലിലായ അവരുടെ മേൽ മുമ്പ് ജനിച്ചവരെ കൊന്നെന്ന കുറ്റവും ചാർത്തപ്പെട്ടു. അങ്ങനെ അവന്റെ ജനനത്തോടെ അമ്മ ജയിലിലുമായി.

ലോകത്ത് അപൂർവ്വം പേർക്ക് മാത്രം ലഭിക്കുന്ന ഗന്ധം തിരിച്ചറിയാനുള്ള കഴിവുള്ളവനാണ് നോവലിലെ നായകനായ ഷാങ് ബാപിസ്റ്റ് ഗ്രെനോയിൽ. അവന്റെ സ്വത്തും അത് തന്നെയായിരുന്നു. ലോകത്തെ കീഴ്പ്പെടുത്തുന്ന ആ സുഗന്ഘം കണ്ടെത്താനുള്ള അവന്റെ യാത്രയിൽ ഇരയാക്കപ്പെട്ടത് രണ്ടുഡസനോളം കന്യകമാരാണ്. നോവലിന്റെ അടിക്കുറിപ്പിൽ പറയുന്ന പോലെ പെർഫ്യും ഒരു കൊലപാതകിയുടെ കഥയാണ്. അസാധാരണ കൊലപാതകിയുടെ. എന്നാൽ വയാനയുടെ അവസാനം കൊലപാതകിയെ അല്ല വായനക്കാരൻ കണ്ടെത്തുന്നത്. കൊലചെയ്യപ്പെട്ടവനെയാണ്.

ജീവിതത്തിൽ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണ് പെർഫ്യും. അമ്മ ജയിലിലായതടെ വാടക അമ്മമാരുടെ പാലൂറ്റി കുടിച്ച് ഗ്രെനോയ്ൽ ജീവിതത്തിലേക്കു തിരിച്ചുവരികയായിരുന്നു.എന്നാൽ വാടക അമ്മമാരാലും അവൻ ഉപേക്ഷിക്കപ്പട്ടു. അവനു വേണ്ടിയിരുന്നത് ഒരാളുടെ ആഹാരമല്ല. ഒന്നിലധികം പേരുടെ ആഹാരം. ഇഷ്ടപ്പെട്ട ഭക്ഷണം ലഭിച്ചില്ലെങ്കിലും പല അമ്മമാരാൽ ഉപേക്ഷിക്കപ്പെട്ടെങ്കിലും വിരൂപനും വികൃതരൂപിയുമായിരുന്നെങ്കിലും ഗ്രെനോയ്ൽ വളർന്നു.

literature-

ഗന്ധങ്ങൾ തിരിച്ചറിയുന്നതിലെ അസാധാരണമായ കഴിവുകൊണ്ടാകാം കൗമാരത്തിൽ പ്രശസ്തനായ ഒരു സുഗന്ധനിർമാതാവിന്റെ കീഴിൽ അമൂല്യമായ തൈലങ്ങളും ഔഷധങ്ങളും മിശ്രിതമാക്കുന്ന വിദ്യ അവൻ പഠിച്ചെടുത്തു. പിന്നീട് ഒരു ചുവപ്പുമുടിക്കാരിയുടെ മത്തുപിടിപ്പിക്കുന്ന ഗന്ധം അവനെ കൊലപാതകത്തിലേക്ക് നയിക്കുന്നു. പിന്നീട് ലോകത്തെ കീഴ്പ്പെടുത്തുന്ന ആ മണം കണ്ടെത്താനായിരുന്നു അവന്റെ യാത്ര. ആ മണം കണ്ടെത്തിയാൽ അവനെ പ്രണയിക്കാനും സ്വീകരിക്കാനും ലോകം ഒന്നാകെ എത്തുമെന്ന് അവൻ കരുതി. ലോകത്തിന്റെ അധിപനായി ചക്രവർത്തിയായി വാഴ്ത്തപ്പെടാനും അവൻ ആഗ്രഹിച്ചു.


ആ സുഗന്ധത്തിന് വേണ്ടിയുള്ള യാത്രയിൽ രണ്ടുഡസനിലേറെ കന്യകകളെ അവൻ കീഴ്പ്പെടുത്തി. അവരിൽ നിന്നെടുത്ത മണത്തിൽ നിന്നുവേണം അവന് ലോകത്തെ കീഴ്പ്പെടുത്തുന്ന ആ സുഗന്ധം നിർമ്മിക്കാൻ. ആ ലക്ഷ്യം ഗ്രെനോയ്ൽ താണ്ടുമോ എന്നതാണ് പെർഫ്യും പറയുന്നത്.