ആദായത്തിനും ആരോഗ്യത്തിനും ഒരുപോലെ മികച്ചതാണ് കാടവളർത്തൽ. അല്പം ശ്രദ്ധയും ക്ഷമയുമുണ്ടെങ്കിൽ ആർക്കും ഈ കൃഷിയിലേക്ക് തിരിയാവുന്നതേയുള്ളൂ. മുട്ടയ്ക്കാണ് കാടകളെ വളർത്തുന്നതെങ്കിൽ പെൺകാടകളെയാണ് വളർത്തേണ്ടത്. ഇറച്ചി വിൽപ്പനയ്ക്ക് കൂടിയാണെങ്കിൽ ആണിനെയും പെണ്ണിനെയും ഒരുപോലെ വളർത്താം. ആറാഴ്ച മുതലാണ് ഇവ മുട്ടകളിട്ടു തുടങ്ങുന്നത്. കൃത്രിമ ചൂട് നൽകുവാൻ സംവിധാനമുള്ള ബ്രൂഡർ കേജുകൾ കാടക്കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കാം. ബ്രൂഡർ കൂടുകളിൽ കുഞ്ഞുങ്ങളെ 14 ദിവസം വരെ പാർപ്പിക്കാം.
കൂടൊരുക്കേണ്ടത് എങ്ങനെ
കാട വളർത്തലിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് കൂടൊരുക്കലാണ്. കാൽ ഇഞ്ച് കണ്ണികളുള്ള കമ്പിവല കൊണ്ട് ബ്രൂഡർ കേജുകൾ ഉണ്ടാക്കാം. വൈദ്യുത ബൾബ് ഇടാനുള്ള സംവിധാനം കേജിനുള്ളിൽ ഉണ്ടാവണം. ഒരു കുഞ്ഞിനു ഒരു വാട്ട് എന്ന പ്രകാരം ബൾബ് ഇടാവുന്നതാണ്. ആദ്യത്തെ രണ്ടാഴ്ച 24 മണിക്കൂറും ചൂടും വെളിച്ചവും വേണം. രണ്ടാമത്തെ ആഴ്ച മുതൽ ചൂട് കുറയ്ക്കാവുന്നതാണ്. കുഞ്ഞുങ്ങൾ വഴുതി വീഴാതിരിക്കാൻ ആദ്യത്തെ ആഴ്ചയിൽ കൂട്ടിൽ ചണച്ചാക്ക് വിരിക്കണം. ആദ്യത്തെ ആഴ്ച പത്രക്കടലാസ്സിൽ തീറ്റ നൽകുന്നത് സഹായകരമാണ്. പാത്രത്തിൽ തീറ്റ കൊടുക്കുന്നത് അപകടത്തിന് കാരണമാകും. അതൊഴിവാക്കാൻ പൊക്കം കുറഞ്ഞ പാത്രങ്ങൾ വേണം ഉപയോഗിക്കാൻ. മൂന്നാഴ്ച പ്രായമാവുമ്പോൾ കഴുത്തിലെയും നെഞ്ചിലെയും തൂവലുകളുടെ നിറം നോക്കിയാണ് ലിംഗം നിർണ്ണയിക്കുന്നത്. ആൺകാടകൾക്ക് കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലർന്ന നിറമാണുള്ളത്. പെൺകാടകൾക്ക് ഈ ഭാഗത്ത് കറുത്ത പുള്ളിക്കുത്തോടുകൂടിയ ചാരനിറമാണ്.
വെള്ളം കൊടുക്കുന്നതിനായി 2 അടി നീളത്തിലുള്ള പിവിസി പൈപ്പുകൾ രണ്ടു വശത്തും അടപ്പ് ഇട്ടതിനു ശേഷം മൂന്നിൽ ഒരു ഭാഗം നീളത്തിൽ പിളർത്തി മാറ്റി ഉപയോഗിക്കാം. കേജിന്റെ വീതി കുറഞ്ഞ ഭാഗത്ത് ഇവ വെളിയിൽ ഘടിപ്പിക്കുക.
തീറ്റയിലുണ്ട് കാര്യം
കാടവളർത്തലിന്റെ 70 ശതമാനം ചെലവും തീറ്റയ്ക്കാണ്. പ്രത്യേകിച്ചും മുട്ടയ്ക്ക് വേണ്ടി വളർത്തുന്നവയ്ക്ക്. ആദ്യത്തെ മൂന്നാഴ്ച കൊടുക്കുന്ന 'സ്റ്റാർട്ടർ തീറ്റ' യിൽ 27 ശതമാനം മാംസ്യവും 2800 കിലോ കലോറി ഊർജവും അടങ്ങിയിരിക്കണം. മുട്ടയിടുന്നവയ്ക്ക് കൊടുക്കുന്നതിലാകട്ടെ 22 ശതമാനം പ്രോട്ടീനും (മാംസ്യം) 2900 കിലോ കലോറി ഊർജവും വേണം. മുട്ടയിടുന്ന കാടപ്പക്ഷികൾക്കും തീറ്റയിൽ കക്കപ്പൊടി ചേർത്തുകൊടുക്കണം. തീറ്റ കൊടുക്കുമ്പോൾ പച്ചിലകൾ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പൊതുവേ രോഗം വരാനുള്ള സാധ്യത വളരെ കുറവാണ് കാടകോഴികൾക്ക്.