orange-jersy-

ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീം ഓറ‌ഞ്ച് ജഴ്സി അണിയുന്നതിനെതിരെ കോൺഗ്രസ്, സമാജ്‌വാജി പാർട്ടി എം.എൽ.എമാർ രംഗത്തെത്തി. ജഴ്സിയുടെ നിറം തിരഞ്ഞെടുത്തത് കേന്ദ്രസർക്കാരാണെന്നും രാജ്യത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമായാണിതെന്നും എം.എൽ.എമാർ ആരോപിച്ചു. ഈ മാസം മുപ്പതിനാണ് ഇംഗ്ലണ്ടിനെതിരായ മത്സരം.

മഹാരാഷ്ട്രയിലെ കോൺഗ്രസ് എം.എൽ.എ നസീം ഖാൻ, സമാജ്‌വാദി പാർട്ടി എം.എൽ.എ അബു അസിം അസ്മി എന്നിവരാണ് ജഴ്സിയുടെ നിറം ഓറഞ്ചാക്കിയതിനെതിരെ രംഗത്തെത്തിയത്. ഇന്ത്യയുടെ ത്രിവർണത്തിലെ ഓറഞ്ച് എന്തുകൊണ്ടാണ് തിരഞ്ഞെടുത്തതെന്ന് അബു അസിം അസ്മി ചോദിച്ചു. രാജ്യം മുഴുവൻ കാവി അടിക്കാനാണ് മോദിയുടെ ശ്രമം. ഇപ്പോൾ ജഴ്സികൾ കാവിയാക്കുന്നു. ജഴ്സികൾക്കായി നിറം തിരഞ്ഞെടുക്കുന്നെങ്കിൽ അത് ത്രിവർണമായിരിക്കണമെന്നും അബു അസ്മി അവകാശപ്പെട്ടു.

മോദി സർക്കാർ കാവി രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമാണിതെന്ന് കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ നസീം ഖാൻ പറഞ്ഞു. ത്രിവർണ്ണത്തെ ബഹുമാനിക്കുകയും രാഷ്ട്ര ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ത്യയുടെ ഓറഞ്ച് ജെഴ്സിക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി രാംദാസ് അതാവലെ രംഗത്തെത്തി. ഇത് വിജയത്തിന്റെയും ധൈര്യത്തിന്റെയും നിറമാണെന്നും ഇതുമായി ബന്ധപ്പെടുത്തി ആരും പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആതിഥേയരായ ഇംഗ്ലണ്ടിനെതിരെയും മറ്റ് ഏതാനും മൽസരങ്ങൾക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം ഓറഞ്ച് ജഴ്സി ധരിച്ചു കളിക്കാനിറങ്ങും. ഐ.സി.സിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് ലോകകപ്പ് ക്രിക്കറ്റിൽ എവേ ജഴ്സി അവതരിപ്പിക്കുന്നത്‌