ഐസ്വാൾ: ഒരു സീറ്റിൽ പോലും ജയിക്കാത്ത ജില്ലാകൗൺസിലിന്റെ ഭരണം ബി.ജെ.പി പിടിച്ചെടുത്തു. മിസോറാമിലെ മറാ സ്വയംഭരണ കൗൺസിലിൽ ആണ് വൻഭൂരിപക്ഷത്തോടെ ബി.ജെ.പി ഭരണത്തിലെത്തിയത്. ഭരണകക്ഷിയായ കോൺഗ്രസ് അംഗങ്ങൾ കാലുമാറിയതിനെതുടർന്നാണ് സംഭവം. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പിയുടെ നേട്ടം. 20 കോൺഗ്രസ് അംഗങ്ങളാണ് ബി ജെ പിയിലേക്ക് ചേക്കേറിയത്. ഇവരിൽ മൂന്ന് അംഗങ്ങൾ നാമനിർദ്ദേശം ചെയ്യപ്പട്ടവരാണ്.
കോൺഗ്രസ് നേതാവായിരുന്ന എൻ.സകായിയുടെ നേതൃത്വത്തിൽ കൗൺസിൽ പാർട്ടി രൂപീകരിക്കുമെന്നും സർക്കാരിനോട് ഭൂരിപക്ഷം അവകാശപ്പെടുമെന്നും ബി.ജെ.പി സംസ്ഥാന നേതാവ് ജെ.വി. ലുന പറഞ്ഞു. 2017ലാണ് മറാ സ്വയംഭരണ ജില്ല കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. മൊത്തം 25 സീറ്റിൽ 17 സീറ്റിലും കോൺഗ്രസ് വിജയിച്ചു. എട്ട് സീറ്റിൽ എം.എൻ.എഫ് - എം.ഡി.എഫ് സഖ്യം വിജയിച്ചു. മൂന്ന് പേരെ കോൺഗ്രസ് കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്തു.
ഭരണഘടന ഭേദഗതി പ്രകാരം ജില്ല കൗൺസിലുകൾക്ക് കൂടുതൽ സ്വയംഭരണാധികാരവും നേരിട്ട് കേന്ദ്ര ഫണ്ട് ലഭ്യമാകുന്നതുമാണ് കോൺഗ്രസ് അംഗങ്ങളെ ബി.ജെ.പിയിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന് കോൺഗ്രസ് നേതാവായിരുന്ന സകായി പറഞ്ഞു. ബി.ജെ.പി- എം.എൻ. എഫ് സഖ്യമാണ് ഇപ്പോൾ മിസോറാം ഭരിക്കുന്നത്.