frogmore-house

ഇന്ത്യയിൽ കോടികൾ ചെലവഴിച്ചു നിർമ്മിക്കുന്ന വീടുകൾ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ വീട് പുതുക്കിപ്പണിയാൻ മാത്രം കോടികൾ ചെലവഴിച്ചാലോ. ഒന്നും രണ്ടുമല്ല,​22 കോടി രൂപയാണ് ഇവർ തങ്ങളുടെ വീട് മോടിപിടിപ്പിക്കാൻ വേണ്ടി ചെലഴിച്ചത്. വീട്ടുകാരും ചില്ലറക്കാരല്ല. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരനായ ഹാരിയും ഭാര്യ മേഗനുമാണ് വീട്ടുടമസ്ഥർ. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഹാരിയുടെയും മേഗന്റെയും വിവാഹം. വിവാഹശേഷം കെൻസിങ്ടൻ പാലസിലാണ് താമസം ആരംഭിച്ചത്. എന്നാൽ സഹോദരൻ വില്യവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഹാരിയും മേഗനും കൊട്ടാരത്തിൽ നിന്നും മാറിത്താമസിക്കാൻ തീരുമാനിക്കുകയായിരുന്നു.

35 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഫ്രോഗ്‍മോർ കോട്ടേജിലേക്കാണ് ഇരുവരും താമസം മാറിയത്. 10 കിടപ്പുമുറികളാണ് ഇവിടെയുള്ളത്. രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ വിൻഡ്‌സർ കൊട്ടാരത്തിനു സമീപത്തു തന്നെയാണ് ഫ്രോഗ്‍മോർ കോട്ടേജും. ഇതിനു സമീപമാണ് വിക്ടോറിയ രാജ്ഞിയുടെയും ഭർത്താവ് ആൽബർട്ട് രാജകുമാരന്റെയും ശവകുടീരം. പറഞ്ഞുവരുമ്പോൾ ഒരു ഇന്ത്യൻ ബന്ധവുമുണ്ട് ഈ ബംഗ്ലാവിന്.19–ാം നൂറ്റാണ്ടിന്റെ ഒടുവിൽ ബ്രിട്ടനിലെത്തി, വിക്ടോറിയ രാജ്ഞിയുടെ വിശ്വസ്ത തോഴനായ അബ്ദുൽ കരീമീന് രാജ്ഞി സ്നേഹസമ്മാനമായി നൽകിയതായിരുന്നു ഫ്രോഗ്‍മോർ കോട്ടേജ്. കൊട്ടാരത്തിലെ ഉന്നത ജോലിക്കാർ ഒരുകാലത്ത് താമസിച്ചിരുന്നതും ഈ കോട്ടേജിലായിരുന്നു.

prince-harry



എന്നാൽ ഇപ്പോൾ കോട്ടേജ് പുതുക്കാൻ 25 ലക്ഷം പൗണ്ട് (22 കോടി രൂപ)​ ചെലവഴിച്ചത് വിവാദക്കാറ്റഴിച്ചു വിട്ടിട്ടുണ്ട്. ആറുമാസത്തോളമായി കോട്ടേജിന്റെ നവീകരണം നടക്കുകയായിരുന്നു. പ്രശസ്ത മോഡലും ഡിസൈനറുമായ വിക്ടോറിയ ബെക്കാം ആണ് ഫ്രോഗ്‍മോർ കോട്ടേജിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.