hsdda

പുരുഷൻമാരിലെ ലൈംഗിക സംതൃപ്തിക്കും ലൈംഗിക താത്പര്യക്കുറവിനും വയഗ്ര എന്ന പേരിൽ മരുന്ന് വിപണിയിലെത്തിയിട്ട് അധികകാലമായില്ല. പാർശ്വഫലങ്ങൾ ഉണ്ടെങ്കിലും വയാഗ്രയ്ക്ക് ആവശ്യക്കാരേറെയയായിരുന്നു. സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വയാഗ്രയെക്കുറിച്ചും ഇതേസമയം ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോഴിതാ സ്ത്രീകളിലെ ലൈംഗിക താത്പര്യക്കുറവ് പരിഹരിക്കാനുള്ള പുതിയ മരുന്നിന് എഫ്.ഡി.എ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ)​ അംഗീകാരം നൽകി. സ്ത്രീകളിലെ ലൈംഗിക താല്‍പ്പര്യക്കുറവിനെക്കുറിച്ച് ഏതാനും വർഷങ്ങളായി നടന്നുവരുന്ന ചർച്ചകൾക്കും ഗവേഷണങ്ങൾക്കും ശേഷമാണ് പുതിയ മരുന്ന് കണ്ടെത്തിയിരിക്കുന്നത്. Vyleesi (ബ്രെമിലനറ്റൊയിഡ് ) എന്ന മരുന്നാണ് ഹൈപ്പോ ആക്റ്റീവ് സെക്ഷ്വൽ ഡിസൈയർ ഡിസോഡറിന് പരിഹാരമായി കണ്ടെത്തിരിക്കുന്നത്.

തിരിച്ചറിയാത്തതോ പ്രത്യേക കാരണങ്ങൾ ഇല്ലാതെയോ സംഭവിക്കുന്ന ലൈംഗിക താത്പര്യമില്ലായ്മയ്ക്ക് ഈ മരുന്ന് ഫലപ്രദമാണെന്ന് എഫ്.ഡി.എ വ്യക്തമാക്കുന്നു. ചില മരുന്നുകളുടെ ഉപയോഗം , മാനസികമായ ബുദ്ധിമുട്ടുകൾ, വ്യക്തികൾക്കിടയിലെ പ്രശ്‌നങ്ങൾ എന്നിവ മൂലം ലൈംഗിക താത്പര്യക്കുറവ് (എച്ച്.എസ്.ഡി.ഡി) ഉണ്ടാകാം. എന്നാൽ ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നവർ മുൻകാലങ്ങളിൽ ലൈംഗിക താത്പര്യം ഉണ്ടായിരുന്നവരായിരിക്കും.

ഇത്തരം പ്രശ്‌നമുള്ള സ്ത്രീകൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് 45 മിനിറ്റ് മുമ്പ് Vyleesi (ബ്രെമിലനറ്റൊയിഡ് ) ഇഞ്ചക്ഷൻ എടുക്കണം. എന്നാൽ 24 മണിക്കൂറിനുള്ളിൽ ഒരു ഡോസ് മാത്രമേ എടുക്കാവു. മാത്രമല്ല ഒരു മാസത്തിനുള്ളിൽ എട്ടു ഡോസില്‍ കൂടുതല്‍ എടുക്കാൻ പാടില്ല എന്നും ഇവർ വ്യക്തമാക്കുന്നു. എട്ട് ഡോസ് എടുത്തതിനു ശേഷവും ഫലം കണ്ടില്ലെങ്കിൽ മരുന്ന് എടുക്കുന്നത് ഉപേക്ഷിക്കണം എന്നും ഇവർ വ്യക്തമാക്കുന്നു. എന്നാൽ ചില പാർശ്വഫലങ്ങളും ഈ മരുന്നിനുണ്ട്. മരുന്നു ഉപയോഗിക്കുന്നവർക്ക് ഛർദി, ഓക്കാനം, ശരീരത്തിൽ ചുവപ്പ്, തലവേദന എന്നിവ ഉണ്ടായേക്കാം.കൂടാതെ ഡോക്ടറുടെ ഉപദേശം തേടിയിട്ടായിരിക്കണം മരുന്ന് ഉപയോഗിക്കേണ്ടത്.

ഈ ഇഞ്ചക്ഷൻ എടുക്കുന്നതിന് ശേഷം രോഗിയിൽ രക്തസമ്മർദ്ദ നില ഉയരും. എന്നാൽ 12 മണിക്കൂറിനുള്ളിൽ ഇത് പൂർവസ്ഥിതിയിലാകും. അതുകൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഇത് ഉപയോഗിക്കാൻ പാടില്ല എന്ന് പ്രത്യേക നിർദ്ദേശമുണ്ട്. സ്ഥിരമായി ഉയർന്ന അളവിൽ മരുന്ന് ഉപയോഗിക്കുന്നവർക്ക് രക്തധമനി, ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഇഞ്ചക്ഷൻ ഉപയോഗിച്ച സ്ത്രീകളില്‍ 1.2 മുതൽ 6.0 വരെ ലൈംഗിക താത്പര്യം വർധിച്ചതായി ഇവർ വ്യക്തമാക്കുന്നു. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന യു.എസ്. ഏജൻസിയാണ് എഫ്.ഡി.എ