മലയാള സിനിമയുടെ ഏറ്റവും വലിയ സീസണുകളിലൊന്നായ ഓണക്കാലത്ത് മോഹൻലാലിന്റെയും യുവതാരങ്ങളുടെയും ചിത്രങ്ങളുൾപ്പെടെ അഞ്ച് ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. മമ്മൂട്ടിക്കും ദിലീപിനും ഓണം റിലീസുകളുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് മോഹൻലാലിന്റെ ഓണം റിലീസ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതരായ ജിബിയും ജോജുവും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഷൂട്ടിംഗ് ശനിയാഴ്ച എറണാകുളത്ത് ഷെഡ്യൂൾ പായ്ക്കപ്പാകും.
മുപ്പതാം തീയതി എറണാകുളത്ത് 'അമ്മ" യുടെ ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്ത ശേഷം പിറ്റേന്ന് പുലർച്ചെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ചൈനയിലേക്ക് പറക്കുന്ന മോഹൻലാൽ ജൂലായ് അഞ്ച് മുതൽ ഇട്ടിമാണിയുടെ ചൈന ഷെഡ്യൂളിൽ പങ്കെടുക്കും. ചൈനയിൽ ഇട്ടിമാണിക്ക് നാല് ദിവസത്തെ ഷൂട്ടിംഗാണ് പ്ളാൻ ചെയ്തിരിക്കുന്നത്.
പത്തിന് ചൈനയിൽ നിന്ന് തിരിച്ചെത്തുന്ന മോഹൻലാൽ പതിനൊന്നിനും പന്ത്രണ്ടിനും ഇട്ടിമാണിയുടെ അവസാന ഘട്ട ചിത്രീകരണത്തിൽ പങ്കെടുക്കും. എറണാകുളത്തോ തൃശൂരിലോ ആയിരിക്കും ഇട്ടിമാണിയുടെ അവസാന ഘട്ട ചിത്രീകരണം.
മോഹൻലാലിനൊപ്പം സിദ്ദിഖ്, അജുവർഗീസ്, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, കൈലാഷ്, വിനുമോഹൻ, സിജോയ് വർഗീസ്, രാധികാ ശരത് കുമാർ, ഹണിറോസ്, സ്വാസിക, വിവിയ, കെ.പി.എ.സി ലളിത തുടങ്ങിയ വലിയൊരു താരനിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.
സെപ്തംബർ ആറിന് ഇട്ടിമാണി മാക്സ്ലാബ് തിയേറ്ററുകളിലെത്തിക്കും.
ധ്യാൻ ശ്രീനിവാസൻ സംവിധായകനാകുന്ന ലവ് ആക്ഷൻ ഡ്രാമയാണ് ഓണത്തിനെത്തുന്ന മറ്റൊരു ചിത്രം. നയൻതാരയും നിവിൻ പോളിയും നായികാ നായകന്മാരാകുന്ന ഈ ചിത്രത്തിന്റെ ഡബ്ബിംഗ് ഇപ്പോൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. നിവിൻ പോളി ലവ് ആക്ഷൻ ഡ്രാമയുടെ ഡബ്ബിംഗ് പൂർത്തിയാക്കിക്കഴിഞ്ഞു. രവീണാ രവിയാണ് നയൻതാരയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത്.
ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജുവർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്ന ലവ് ആക്ഷൻ ഡ്രാമയിൽ അജുവർഗീസും ദുർഗ്ഗ കൃഷ്ണയുമാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
കലാഭവൻ ഷാജോൺ സംവിധായകനാകുന്ന പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയും ഓണക്കാലത്ത് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ജൂലായ് ഏഴിനോ എട്ടിനോ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇനി അഞ്ച് ദിവസത്തെ ഷൂട്ടിംഗാണ് ബ്രദേഴ്സ് ഡേയ്ക്ക് അവശേഷിക്കുന്നത്. എറണാകുളത്ത് ഒരുദിവസവും മലയാറ്റൂരിൽ നാല് ദിവസവും ചിത്രീകരണമുണ്ടാകും.
കുടുംബസമേതം വിദേശ പര്യടനത്തിന് പോയ പൃഥ്വിരാജ് ജൂലായ് അഞ്ചിനോ ആറിനോ എറണാകുളത്ത് തിരിച്ചെത്തും. ബ്രദേഴ്സ് ഡേയുടെ ഷൂട്ടിംഗും ഡബ്ബിംഗും പൂർത്തിയാക്കിയ ശേഷമേ പൃഥ്വിരാജ് പുതിയ ചിത്രത്തിൽ അഭിനയിച്ച് തുടങ്ങൂ. രഞ്ജിത്ത് നിർമ്മിച്ച് സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന അയ്യപ്പനും കോശിയുമാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം. ബിജുമേനോനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ബ്രദേഴ്സ് ഡേ നിർമ്മിക്കുന്നത്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വിജയരാഘവൻ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കലാഭവൻ ഷാജോൺ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്.
കുഞ്ഞുദൈവം, രണ്ട് പെൺകുട്ടികൾ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിയോ ബേബി ഒരുക്കുന്ന ടൊവിനോ തോമസ് ചിത്രമായ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓണത്തിന് ആൻ മെഗാ മീഡിയ തിയേറ്ററുകളിലെത്തിക്കും.
ജിയോ ബേബിയും ദീപു പ്രദീപും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിൽ ഉൾനാടൻ ഗ്രാമത്തിൽ നിന്ന് നഗരത്തിലെത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ആവിഷ്കരിക്കുന്നത്.
രജീഷാവിജയൻ, സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫൈനൽസാണ് മറ്റൊരു ഒാണം റിലീസ്. ഹെവൻലി പ്രൊഡക്ഷൻസുമായി ചേർന്ന് മണിയൻപിള്ള രാജു നിർമ്മിക്കുന്ന ഫൈനൽസിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് പി.ആർ. അരുണാണ്. സ്പോർട്സ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൗ കുടുംബചിത്രം പറയുന്നത് ഒളിമ്പിക്സ് മത്സരത്തിന് ഒരുങ്ങുന്ന ഒരു സൈക്കിളിസ്റ്റിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളുടെ കഥയാണ്.
ഒാണത്തിന് റിലീസ് നിശ്ചയിച്ചിരുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധർവനും ദിലീപ് - അർജുൻ ചിത്രം ജാക്ക് ഡാനിയലും ഒക്ടോബറിൽ പൂജാ റിലീസായി തിയേറ്ററുകളിലെത്തും.