jail-breaking

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി ജയിൽ ചാടിയ വനിതാ തടവുകാരെ ഇനിയും പിടികൂടാനായില്ല. നിരവധി തട്ടിപ്പുകേസുകളിൽ പ്രതികളായ സന്ധ്യ, ശിൽപ എന്നീ തടവുകാരാണ് ചൊവ്വാഴ്ച വൈകിട്ടു തലസ്ഥാനത്തെ വനിത ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ജയിൽ വളപ്പിനു പിൻവശത്തെ മതിൽ ചാടിയാണ് ഇവർ കടന്നതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജയിലിൽ നിന്നും രക്ഷപ്പെട്ടിട്ടും യുവതികൾ തട്ടിപ്പു തുടരുകയാണ്. അട്ടക്കുളങ്ങരയിലെ ജയിലിൽ നിന്നും രക്ഷപ്പെട്ട യുവതികൾ മണക്കാട് നിന്നും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെ എസ്എടി ആശുപത്രിയിലെത്തിയിരുന്നു. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല. പണം നൽകാതെ യുവതികൾ മുങ്ങിയെന്ന് മനസിലായ ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ ജയിൽ ചാടിയ യുവതികൾ നേരെ ആശുപത്രിയിലെത്തിയത് പരിചയക്കാരിൽ നിന്നും പണം സംഘടിപ്പിക്കാനാണെന്ന് പൊലീസ് കരുതുന്നു. യുവതികളിലൊരാളായ സന്ധ്യ മുൻപ് താത്കാലിക വേതനത്തിൽ ഇവിടെ ജോലിചെയ്തിരുന്നു. ആശുപത്രി പരിസരത്തുനിന്നും രക്ഷപ്പെട്ട യുവതികൾ തമിഴ്നാട് ഭാഗത്തേക്ക് സഞ്ചരിച്ചതായി സൂചന ലഭിച്ച പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മോഷണത്തിനും വഞ്ചനക്കേസുകളിലും പ്രതികളായി വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ ജൂൺ ഏഴിനും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം ദേശം തേക്കുംകര പുത്തൻ വീട്ടിൽ ശിൽപ പതിനേഴിനും ജയിലിലെത്തിയത്.

ജയിൽ വകുപ്പിന് നാണക്കേടായി യുവതികൾ രക്ഷപ്പെട്ടതിന് പിന്നിൽ സ്ത്രീ തടവുകാർക്ക് ലഭിക്കുന്ന അമിത സ്വാതന്ത്ര്യമാണെന്ന് ആക്ഷേപമുണ്ട്. കൊടും കുറ്റവാളികളടക്കമുള്ള തടവുകാരെ പാർപ്പിക്കുന്ന ജയിലിൽ നിന്നും യുവതികൾ രക്ഷപ്പെട്ടത് ഞെട്ടിക്കുന്ന സംഭവമാണ്. ജയിൽ അധികൃതരുടെ ഭാഗത്തു വീഴ്ച സംബന്ധിച്ച് ജയിൽ മേധാവി ഋഷിരാജ് സിങ്ങിന്റെ നിർദേശപ്രകാരം ഡി.ഐ.ജി സന്തോഷ് കുമാർ അന്വേഷണമാരംഭിച്ചു.