ഓഷിവാര: പീഡനപരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ കൈമാറുമെന്ന് യുവതിയുടെ കുടുംബം.കേസ് ശക്തമാക്കാൻ പുതിയ അഭിഭാഷകനെ നിയോഗിക്കുമെന്നും കുടുംബം വ്യക്തമാക്കി. കേസിൽ ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് വരാനിക്കെയാണ് യുവതിയുടെ കുടുംബത്തിന്റെ ഈ നീക്കം. മുംബയിലെ ദിൻഡോഷി സെഷൻസ് കോടതി ഉച്ചയ്ക്കുശേഷമാകും വിധി പറയുക.
കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷയിൽ വാദംകേട്ട കോടതി വിധിപറയുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ, കേസ് പരിഗണിക്കുന്ന സെഷൻസ് ജഡ്ജി എം.എച്ച്. ഷെയ്ഖ് അവധി ആയതിനാൽ ഇന്നത്തേക്ക് വീണ്ടും മാറ്റുകയായിരുന്നു. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചാൽ ബിനോയിയെ ഉടൻ അറസ്റ്റു ചെയ്യാനാണ് മുംബയ് പൊലീസിന്റെ തീരുമാനം. ജാമ്യഹർജിയിൽ വാദം കേട്ടശേഷം പുറത്തുവന്ന തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം. യുവതിയുടെ പരാതിയിൽതന്നെ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും അതിനാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു ബിനോയിയുടെ വാദം.
പ്രതി രാജ്യം വിടാതിരിക്കാൻ മുംബയ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന കിട്ടിയതോടെയാണ് പൊലീസിന്റെ ഈ നീക്കം. യുവതി നൽകിയ കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് വാദിച്ച പ്രതിഭാഗം യുവതിയുടെ പരാതിയിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, വിവാഹ വാഗ്ദാനം നടത്തി ലൈംഗികമായി ചൂഷണം ചെയ്യുന്നത് പീഡനത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ബിഹാർ സ്വദേശിനിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തിൽ എട്ടുവയസള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്. എന്നാൽ, തനിക്കെതിരെ യുവതി നൽകിയ പരാതി തള്ളി ബിനോയ് രംഗത്തെത്തിയിരുന്നു. തന്നെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും ബിനോയ് പറഞ്ഞിരുന്നു.