ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിന്റെ വികസന പദ്ധതികൾക്ക് പച്ചക്കൊടി വീശി ധനമന്ത്രി നിർമല സീതാരാമൻ കന്നി ബഡ്ജറ്റിന്റെ പണിപുരയിലേക്ക് കടക്കുമ്പോൾ രാജ്യത്തെ ഭവന നിർമ്മാണ മേഖലയ്ക്ക് പുത്തനുണർവ് നൽകുന്ന പദ്ധതിയുണ്ടെന്ന് കരുതപ്പെടുന്നു. അടുത്തമാസം അഞ്ചിനാണ് ധനമന്ത്രി സർക്കാരിന്റെ സമ്പൂർണ ബഡ്ജറ്റ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ഭവനനിർമ്മാണ മേഖലയ്ക്ക് പ്രോത്സാഹനം നൽകാൻ സർക്കാർ തീരുമാനിക്കുന്നതിന് പിന്നിൽ രാജ്യത്തെ സമ്പത്തിക വളർച്ചകൂടി ലക്ഷ്യമിടുന്നു. വീടില്ലാത്തവർക്ക് പുതിയ വീട് വയ്ക്കുവാൻ വായ്പകളടക്കം ഉദാരമാക്കുന്നതിനോടൊപ്പം ഒരു വീടുളളവർക്ക് വീണ്ടും വീടുകളോ ഫ്ളാറ്റുകളോ സ്വന്തമാക്കുന്നതിനുള്ള നടപടികളും ലഘൂകരിക്കാൻ ബഡ്ജറ്റിൽ പദ്ധതികളുണ്ടാവും. വാടക ഇനത്തിൽ വരുമാനം ഉറപ്പാക്കുവാനായി രണ്ടാമതും ഭവനനിർമ്മാണത്തിന് തീരുമാനിക്കുന്നവർ നഗരമേഖലകളിലുണ്ട്. ഇത്തരക്കാർക്ക് നികുതിയിൽ ഇളവ് നൽകി പ്രോത്സാഹനം നൽകുവാൻ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നു. ചെലവു കുറഞ്ഞ ഭവനങ്ങൾക്ക് പലിശ സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ടായേക്കും.
കഴിഞ്ഞ അഞ്ചു വർഷത്തെ കണക്ക് പരിശോധിച്ചാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഏറ്റവും താഴ്ന്ന അവസ്ഥയിലാണിപ്പോൾ. ഇതിനെ മറികടക്കുവാൻ ഭവന മേഖലയ്ക്ക് പ്രത്യേത പരിഗണന നൽകുമെന്നാണ് കരുതുന്നത്. ഭവനനിർമാണ മേഖലയിൽ ഉണർവുണ്ടായാൽ കൂടുതൽ തൊഴിലവസരമുണ്ടാകും. രാജ്യത്തെ ഉത്പാദന മേഖലകൾക്കും ഇത് കരുത്തേകും. ഇതു വഴി രാജ്യത്തെ സാമ്പത്തിക വളർച്ച തിരിച്ചുകയറുമെന്നും സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നു.