ലക്‌നൗ: ഉത്തർ പ്രദേശിലെ ജയിൽ തടവുകാർ കൈയിൽ തോക്കുകളുമായി നിൽക്കുന്ന വീഡിയോ പുറത്ത്. ഉന്നാവോ ജില്ലാ ജയിലിലെ രണ്ട് തടവുകാരാണ് ഇത്തരത്തിൽ കൈയിൽ തോക്കുകളുമായി വീഡിയോയ്ക്ക് പോസ് ചെയ്യുന്നതായി കാണുന്നത്. ജയിൽ പരിസരത്ത് വച്ചുതന്നെ ഷൂട്ട് ചെയ്ത ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ, സംഭവത്തെകുറിച്ച് വിചിത്രമായ വിശദീകരണമാണ് ഉത്തർ പ്രദേശ് ആഭ്യന്തര വകുപ്പ് നൽകിയിരിക്കുന്നത്.
തടവുകാരുടെ കൈയിൽ കാണുന്ന തോക്കുകൾ കളിമണ്ണ് കൊണ്ട് നിർമ്മിച്ചതാണെന്നും, തടവുകാരിൽ ഒരാൾ നല്ലൊരു പെയിന്റർ ആയതുകൊണ്ട് തോക്കുകൾ യഥാർത്ഥമെന്ന് തോന്നുന്നതാണെന്നുമാണ് ആഭ്യന്തര വകുപ്പ് നൽകിയ വിശദീകരണം. തടവുകാർക്ക് കഴിക്കാനായി ജയിൽ അധികൃതർ ഗംഭീര സദ്യയാണ് സ്ഥിരം ഒരുക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്.
അമരീഷ് എന്നും, ഗൗരവ് പ്രതാപ് സിംഗ് എന്നും പേരുള്ള രണ്ട് തടവുകാരാണ് കൈയിൽ തോക്കുകൾ എന്തിയത്. കൊലപാതക കുറ്റത്തിനും മോഷണത്തിനും ശിക്ഷ അനുഭവിക്കുകയാണ് ഇവർ. സംഭവത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മാത പ്രസാദ്, ഹേംരാജ്, അവദേഷ് സാഹു, സലിം ഖാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ജൂൺ 23നാണ് വീഡിയോ പുറത്ത് വരുന്നത്. എന്നാൽ ഫെബ്രുവരിയിലാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതെന്ന് പൊലീസ് പറയുന്നു. തണുപ്പിനെ തടയുന്ന വസ്ത്രങ്ങളാണ് പ്രതികൾ വീഡിയോയിൽ ധരിച്ചിരിക്കുന്നതെന്ന് കണ്ടാണ് പൊലീസ് ഇങ്ങനെയൊരു നിഗമനത്തിൽ ഏതുന്നത്.