cpi-mla

കൊല്ലം: പാർട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങാൻ കരാർ എഴുതിയ എം.എൽ.എ വിവാദത്തിൽ. കൊല്ലത്തെ സി.പി.ഐ എം.എൽ.എയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ ജി.എസ്.ജയലാലിനെതിരെയാണ് ആരോപണം. ജയലാലിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റി വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസും രംഗത്തെത്തി. അതേസമയം,​ ആരോഗ്യ മേഖലയിൽ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു ആശുപത്രി വാങ്ങാൻ തീരുമാനിച്ചതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ജി.എസ്.ജയലാൽ വ്യക്തമാക്കി.

കൊല്ലം ബൈപ്പാസ് റോഡിലുളള മേവറത്ത് സ്വകാര്യ ആശുപത്രി വാങ്ങാനുളള ശ്രമമാണ് നടന്നത്. സാന്ത്വനം ഹോസ്പിറ്റൽ കോപ്പറേറ്റീവ് സൊസൈറ്റി സഹകരണ സംഘത്തിന്റെ പ്രസിഡന്റാണ് ജയലാൽ. ഈ സഹകരണ സംഘം വഴിയാണ് ആശുപത്രി വാങ്ങാൻ തീരുമാനിച്ചത്. സംഘത്തിന് ഓഹരി സമാഹരിക്കാൻ അനുവാദം തേടി സംസ്ഥാന നേതൃത്വത്തെ സമീപിച്ചപ്പോഴാണ് പാർട്ടി ഇക്കാര്യം അറിയുന്നത്. ജില്ലാ നേതൃത്വം ജയലാലിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന കൗൺസിലിലും ജില്ലാ എക്‌സിക്യുട്ടൂവിലും ഈ വിഷയം ഉയർന്നു വന്നിട്ടുണ്ട്.

5.25 കോടി രൂപയ്ക്ക് സ്വകാര്യ ആശുപത്രി സ്വന്തമാക്കാനുളള നീക്കമാണ് നടന്നത്. ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ പാർട്ടിയിൽ നിന്നുളള ആദ്യമുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേരിലുളള സഹകരണ ആശുപത്രി മാസങ്ങളായി പൂട്ടികിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി കോടികൾ മുടക്കി സ്വന്തമാക്കാനുളള ശ്രമം നടന്നത്. ഒരു കോടി നൽകിയാണ് കരാർ എഴുതിയത്. ഇതോടെ സഹകരണ സംഘം ആശുപത്രിയുടെ ഭരണം ഏറ്റെടുത്തുമെന്നാണ് സൂചന.

ഒരു കോടിയിലേറെ രൂപ നൽകി ആശുപത്രി വാങ്ങാൻ കരാറെഴുതിയിട്ടും പാർട്ടിയുടെ അനുവാദം വാങ്ങിയില്ല. മുൻകൂറായി നൽകിയ ഒരു കോടി രൂപയുടെ സ്രോതസും പാർട്ടിയെ അറിയിച്ചിട്ടില്ല. സംഘം ഭരണസമിതിയിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കൂടിയായ സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഉൾപ്പെട്ടതും ഗൗരവം വർധിപ്പിക്കുന്നതായി പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പാർട്ടി ജില്ലാ കൗൺസിൽ അംഗം, ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ ഉൾപ്പെടുന്നതാണു ഭരണസമിതി.

തട്ടിക്കൂട്ട് സഹകരണ സംഘത്തിന്റെ പേരിലും ഡോക്ടറെ വ്യാജ ചെക്ക് കേസിൽ ഉൾപ്പെടുത്തിയും കോടികളുടെ ആശുപത്രി കച്ചവടം നടത്തിയ ജി.എസ്. ജയലാൽ എം.എൽ.എയ്ക്കെതിരെ അടിയന്തര വിജിലൻസ് അന്വേഷണം നടത്തണമെന്നു ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. തട്ടിക്കൂട്ട് സംഘത്തിന്റെ പേരിൽ ഓഹരി ഉടമകൾ 2 കോടി രൂപയ്ക്കു വിൽക്കാൻ തീരുമാനിച്ച ആശുപത്രി 6 കോടി രൂപയ്ക്കു വാങ്ങിയതിലെ അഴിമതി ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ഇതിന്റെ സാമ്പത്തിക ഉറവിടം എം.എൽ.എയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.