മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യുടെ ചിത്രീകരണത്തിനിടെ കാസർഗോഡ് ജില്ലയിലെ കാറഡുക്കിലെ റിസർവ് വനഭൂമി നശിപ്പിച്ചുവെന്ന പരാതിയെപ്പറ്റി അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും വനഭൂമി പൂർവസ്ഥിതിയിലാക്കുന്നതും നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. വനഭൂമി പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ ചെലവ് നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് ഷാജി.പി. ചാലി പറഞ്ഞു.
അതോടൊപ്പം കേന്ദ്ര സർക്കാരിന് അന്വേഷണം നടത്താനാവശ്യമായ സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു. വനഭൂമി നശിപ്പിക്കുന്നത് വനംവകുപ്പ് തടഞ്ഞില്ലെന്ന് ആരോപിച്ച് പെരുമ്പാവൂരിലെ ആനിമൽ ലീഗൽ ഫോഴ്‌സ് ഇന്റഗ്രേഷനാണ് ഹർജി നൽകിയത്.
ഛത്തീസ് ഗഡിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥരുടെ കഷ്ടപ്പാടുകളെ പ്രമേയമാക്കി ഒരുക്കിയ സിനിമയുടെ കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ചത് കാറഡുക്കിലെ റിസർവ് വനഭൂമിയിലാണ്. കാട്ടിലെ ആവാസ വ്യവസ്ഥ പരിഗണിക്കാതെ വലിയരീതിയിൽ ചുവന്ന മണ്ണ് കൊണ്ട് വന്ന് റോഡുണ്ടാക്കിയതും മറ്റും വിവാദമായിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുമ്പോൾത്തന്നെ റിസർവ് വനത്തിൽ മണ്ണിടിച്ചതിനും റോഡ് വെട്ടിയതിനുമെതിരെ നൈതൽ എന്ന പരിസ്ഥിതി സംഘടന രംഗത്ത് വന്നിരുന്നു. അതേസമയം ചട്ടങ്ങൾ പാലിച്ചാണ് വനഭൂമിയിൽ ഷൂട്ടിംഗിന് അനുമതി നൽകിയതെന്നും വീഴ്‌ച പറ്റിയിട്ടില്ലെന്നുമാണ് വനംവകുപ്പിന്റെ വാദം.