kaumudy-news-headlines

1. നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തില്‍ പാളിച്ചയെന്ന് ഹൈക്കോടതി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റി. പ്രതികളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണം മുന്നോട്ട് പോകുമെന്നും ഹൈക്കോടതി. കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടി ആവശ്യപ്പെട്ടു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് ഡി.ആര്‍.ഐ കോടതിയെ അറിയിച്ചു.


2. അതേസമയം, വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. അപകടമരണം ആണ് എന്ന് സ്ഥാപിക്കാന്‍ വേണ്ട തെളിവുകള്‍ ലഭിച്ചിട്ടില്ല എന്ന് അന്വേഷണ സംഘം. സ്വര്‍ണ്ണ കടത്ത് കേസ് പ്രതികള്‍ക്ക് അപകടവുമായി ബന്ധമുണ്ട് എന്ന് സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങള്‍ പ്രത്യേക സംഘം ഇന്ന് കോടതിയെ അറിയിക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയവും ആവശ്യപ്പെടും
3. ഇടുക്കി നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ തെളിവുകള്‍. ജയിലില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ സ്ഥിതി മോശമായിരുന്നു എന്ന് ജയില്‍ സൂപ്രണ്ട്. രാജ്കുമാറിനെ പൊലീസുകാര്‍ എടുത്താണ് ജയിലിനകത്ത് എത്തിച്ചത്. 17ന് പുലര്‍ച്ചെ 1.30ന് ആയിരുന്നു രാജ്കുമാറിനെ ജയിലില്‍ എത്തിച്ചതെന്നും സൂപ്രണ്ട്. പിറ്റേന്ന് നില കൂടുതല്‍ വഷളായപ്പോള്‍ പീരുമോട് ആശുപത്രിയില്‍ കൊണ്ടുപോയെന്നും പ്രതികരണം
4. റിമാന്‍ഡ് പ്രതി കുമാറിനു നേരെ പൊലീസിന്റെ മൂന്നാംമുറ നടന്നത് സ്റ്റേഷനിലെ വിശ്രമ മുറിയില്‍ എന്ന് കണ്ടെത്തല്‍. രണ്ട് പൊലീസ് ഡ്രൈവര്‍മാരാണ് കൃത്യത്തിന് നേതൃത്വം നല്‍കിയതെന്നു സൂചന. രാജ്കുമാറിനെ അറസ്റ്റു ചെയ്തു കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയിലുണ്ട്. എന്നാല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങളില്ല. സി.സി.ടി.വി ഓഫ് ചെയ്തതാണോ എന്ന സംശയവും ബലപ്പെടുന്നു
5. സംഭവത്തില്‍ നാല് പൊലീസുകാരെ കൂടി സസ്‌പെന്‍ഡു ചെയ്തു. ഇതോടെ നടപടി നേരിട്ട പൊലീസുകാരുടെ എണ്ണം പതിനേഴായി. അതിനിടെ ക്രൈംബ്രാഞ്ച് സംഘം ഇന്നു നെടുങ്കണ്ടത്ത് എത്തി തെളിവെടുക്കും. വായ്പ തട്ടിപ്പ് കേസിലെ റിമാന്‍ഡ് പ്രതി വാഗമണ് സ്വദേശി കുമാര്‍ പീരുമേട് ജയിലില്‍ റിമാന്‍ഡില്‍ ആയിരിക്കെ മരിച്ച സംഭവം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കി. പ്രത്യേക അന്വേഷണ സംഘത്തില്‍ ഒരു പൊലീസ് സൂപ്രണ്ട് ഉണ്ടായിരിക്കും. പൊലീസിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താനും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയ്ക്ക് അനുവാദം നല്‍കി.
6. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും എറണാകുളം അങ്കമാലി അതിരൂപത അധ്യക്ഷന്‍. വത്തിക്കാനാണ് പുതിയ ഉത്തരവ് ഇറക്കിയത്. ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ നിന്ന് മാറ്റിയ ശേഷമാണ് ആലഞ്ചേരിക്ക് അധ്യക്ഷ പദം തിരികെ നല്‍കിയത്. ഭൂമി ഇടപാടിലെ വിവാദത്തെ തുടര്‍ന്നാണ് കര്‍ദിനാളിനെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നത്. ഒരു വര്‍ഷത്തേക്ക് ആയിരുന്നു മനത്തോടത്തിന് അഡ്മിനിട്രേറ്റര്‍ പദവി നല്‍കിയിരുന്നത്. കാലാവധി ബുധനാഴ്ച അവസാനിച്ച സാഹചര്യത്തില്‍ ചുമതല ഒഴിയാന്‍ ആവശ്യപ്പെടുക ആയിരുന്നു
7. ഇന്ത്യയുമായുള്ള വ്യാപാര വിഷയത്തില്‍ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന തീരുവ കുറച്ചേ മതിയാവൂ എന്ന് നിര്‍ദ്ദേശം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജപ്പാനിലെ ഒസാക്കയില്‍ കൂടിക്കാഴ്ച നടത്താന്‍ ഇരിക്കെ ആണ് വ്യാപാര വിഷയത്തില്‍ അമേരിക്ക നിലപാട് കടുപ്പിച്ചത്. ട്വിറ്ററിലൂടെ ആണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്
8. ജൂണ്‍ അഞ്ചിന് ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പരിഗണന അമേരിക്ക പിന്‍വലിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്കയില്‍ നിന്നുള്ള 28 ഇനം ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു. ഇതു സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ആണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തുകയും പ്രധാനമന്ത്രിയുമായും വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായില്ല എന്നായിരുന്നു റിപ്പോര്‍ട്ട്
9. ബിനോയ് കോടിയേരിക്ക് എതിരായ ലൈംഗിക പീഡന കേസില്‍ പുതിയ അഭിഭാഷകനെ നിയോഗിക്കുമെന്ന് യുവതി. കേസ് കൂടുതല്‍ ശക്തമാക്കാനാണ് പരാതിക്കാരിയുടെ നീക്കം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാകും മുമ്പ് കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്നും യുവതി. പുതിയ നീക്കം, ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബയ് ദിന്‍ഡോഷി സെഷന്‍സ് കോടതി ഇന്ന് വിധി പറയാനിരിക്കെ