vijayashree

മുൻകാല നടി വിജയശ്രീ മരിച്ച സമയത്ത് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഒരു സിനിമാതാരവും എത്തിയില്ലെന്ന് നടൻ രാഘവൻ. സാധാരണ ഒരു സഹപ്രവർത്തക മരണപ്പെടുമ്പോൾ ഷൂട്ടിങ് നിർത്തിവച്ച് മരണവീട്ടിലേക്ക് പോകുകയാണ് സിനിമാസെറ്റുകളിൽ പതിവെന്നും, സഹപ്രവർത്തകരുടെ ഈ പ്രവൃത്തി തന്നെ അത്ഭുതപെടുത്തിയെന്നും രാഘവൻ പറയുന്നു. 'ഫ്ലാഷ് മൂവീസി'ന് അനുവദിച്ച അഭിമുഖത്തിലാണ് രാഘവൻ ഇക്കാര്യം പറഞ്ഞത്.

പ്രേം നസീറും, ശ്രീവിദ്യയും, അടൂർ ഭാസിയും അഭിനയിക്കുന്ന ചിത്രത്തിന്റെ മദ്രാസിൽ വച്ചുള്ള സെറ്റിൽ വച്ചാണ് തനിക്ക് ഈ അനുഭവം ഉണ്ടായത്. ചിത്രത്തിൽ തന്റെ നായികയായി അഭിനയിക്കേണ്ടതായിരുന്നു വിജയശ്രീ. ഷൂട്ടിംഗ് സെറ്റിലെത്തിയപ്പോൾ സംഗതി അത്ര രസമായി തനിക്ക് തോന്നിയില്ല. വിജയശ്രീയുടെ മരണവീട്ടിലേക്ക് പോകാൻ ആരും കൂട്ടാക്കിയില്ല. എല്ലാവരും പതിവുപോലെ ഷൂട്ടിങ്ങിന്റെ കാര്യങ്ങളുമായി തിരക്കിലായി. രാഘവൻ തുറന്നു പറയുന്നു.

'അന്ന് ഷൂട്ടിന് വരില്ലെന്ന് ഞാൻ അവരോടു പറഞ്ഞു. എന്റെ നായികയാണ് മരിച്ചത്. എനിക്ക് മരണവീട്ടിൽ പോയേ പറ്റൂ'രാഘവൻ വെളിപ്പെടുത്തുന്നു. മരണവീട്ടിൽ എത്തിയശേഷവും ഒരു താരത്തെയും താൻ അവിടെ കണ്ടില്ലെന്നും രാഘവൻ ഓർമിക്കുന്നു. ഇതുകൂടാതെ അനവധി വിവേചനങ്ങളും അന്നത്തെ കാലത്ത് നിലനിന്നതായും രാഘവൻ പറയുന്നു. സെറ്റിൽ മറ്റുള്ളവർക്ക് നൽകാതെ തനിക്ക് മാത്രം പൊരിച്ച മീൻ ലഭിച്ചതിനെ കുറിച്ചും, നിരവധി വണ്ടിച്ചെക്കുകൾ പ്രതിഫലമായി ലഭിച്ചതിനെ കുറിച്ചും രാഘവൻ വാചാലനായി.

1974 മാർച്ച് 21ന് തന്റെ ഇരുപത്തൊന്നാം വയസിലാണ് നടി വിജയശ്രീ ആത്മഹത്യ ചെയ്തത്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ വിജശ്രീയുടെ വസ്ത്രം അഴിഞ്ഞ് വീണപ്പോൾ ചിത്രത്തിന്റെ സംവിധായകൻ അത് ഷൂട്ട് ചെയ്യുകയും ഈ ദൃശ്യങ്ങൾ വച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവം വിജയശ്രീ ഒരു സിനിമാ മാസികയോട് വെളിപ്പെടുത്തിയിരുന്നു. പ്രേം നസീറിനും ഈ സംഭവത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും വിജയശ്രീ അന്ന് പറഞ്ഞിരുന്നു. സംവിധായകന്റെ ബ്ളാക്ക്മെയിലിംഗിനെ തുടന്നാണ്‌ നടി ആത്മഹത്യ ചെയ്‌തത്‌ എന്നാണ് പറയപ്പെടുന്നത്.