കാര്യക്ഷമമായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആദ്യത്തെ കുറച്ച് വർഷമാണ് തിരുവഞ്ചൂർ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത്. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകമായി ടി.പി.വധക്കേസിൽ രാഷ്ട്രീയ സമ്മർദ്ദങ്ങളെ അതിജീവിച്ച് കൊലപാതകത്തിൽ പങ്കെടുത്ത പ്രതികളെ പിടിക്കുവാൻ ഉദ്യോഗസ്ഥർക്ക് മനോധൈര്യം നൽകിയത് തിരുവഞ്ചൂർ രാധാകൃഷന്റെ നേട്ടമായിട്ടാണ് സാക്ഷ്യപ്പെടുത്തുന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളുടെ കൃത്യത പാലിക്കുവാനായി രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി മന്ത്രിസഭയിലേക്ക് വന്നതോടെയാണ് തിരുവഞ്ചൂരിന് ആഭ്യന്തരം ഒഴിവാകേണ്ടി വന്നത്.
തന്റെ ജീവിതത്തിൽ ഏറെ വെല്ലുവിളിയുണ്ടായ സംഭവമാണ് ടി.പി വധക്കേസിലെ അന്വേഷണ സമയത്ത് നേരിട്ടതെന്ന് അദ്ദേഹം സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുന്നു. ടി.പി.വധക്കേസ് എന്ത് കൊണ്ട് അന്നത്തെ സർക്കാർ സി.ബി.ഐക്ക് വിട്ടില്ല എന്ന് തുറന്ന് പറയുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മികച്ച രീതിയിലാണ് കേരള പൊലീസ് കേസ് അന്വേഷിച്ചത്. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും നിരവധി വെല്ലുവിളികളാണ് ഉണ്ടായതെന്നും, കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും കോടതിയിൽ സാക്ഷിപറയുവാനെത്തുന്നവരേയും സി.പി.എം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മുൻ മന്ത്രി തുറന്നടിക്കുന്നു. ഏറെ കോളിളക്കമുണ്ടായ ടി.പി വധക്കേസ് സി.ബി.ഐയെ ഏൽപ്പിച്ചിരുന്നെങ്കിൽ പിടിയിലായ കൊടും കുറ്റവാളികൾക്ക് ജയിലിൽ നിന്നും മോചനം സാദ്ധ്യമായേനെ. ഡൽഹി പൊലീസ് ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന സി.ബി.ഐയെ കേസ് ഏൽപ്പിച്ചാൽ പുതിയ അന്വേഷണം നടത്തി കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിക്കുന്നതാണ് രീതി. അതേ സമയം അറസ്റ്റ് ചെയ്തവർക്കെതിരെ 90 ദിവസങ്ങൾക്കകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നേടാൻ വകുപ്പുണ്ടെന്നും ഇത് കേരള പൊലീസ് ജീവൻ പണയപ്പെടുത്തി അറസ്റ്റ് ചെയ്ത പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതുണ്ടാക്കിയേനെ എന്നും തിരുവഞ്ചൂർ അഭിപ്രായപ്പെടുന്നു. മികച്ച രീതിയിൽ കേരള പൊലീസ് അന്വേഷണം നടത്തി കേവലം എൺപത്തിനാലാമത്തെ ദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പഴുതില്ലാത്ത അന്വേഷണത്തിന്റെ ഫലമായിരുന്നു ഇതെന്നും അദ്ദേഹം അവകാശപ്പെടുന്നു.