മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മൽസരത്തിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 23 പന്തിൽ 18 റൺസുമായി രോഹിത് ശർമയാണ് പുറത്തായത്. ഒന്നുവീതം ബൗണ്ടറിയും സിക്സും കണ്ടെത്തിയ രോഹിത്തിനെ, കെമർ റോച്ചിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പ് ക്യാച്ചെടുത്താണ് പുറത്താക്കിയത്.
ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുത്തു. ലോകകപ്പിൽ ഇതിന് മുമ്പ് 8 തവണയാണ് ഇന്ത്യയും വിൻഡീസും നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ 5 മത്സരങ്ങളിൽ ജയം ഇന്ത്യക്കായിരുന്നു. 1983 ലോകകപ്പ് ഫൈനലിലെ ജയമാണ് ഇതിൽൽ ഏറ്റവും പ്രധാനം.
ഈ ലോകകപ്പിൽ ഇതുവരെ ഇവിടെ നടന്ന മൂന്നു മൽസരങ്ങളിലും ആദ്യം ബാറ്റു ചെയ്ത ടീമാണ് ജയിച്ചത്. ഈ ചരിത്രത്തിൽ കണ്ണുനട്ടാണ് കൊഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുത്തത്. കഴിഞ്ഞ മൽസരത്തിൽ അഫ്ഗാനെതിരെ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിറുത്തി. അതേസമയം, വിൻഡീസ് നിരയിൽ സുനിൽ ആംബ്രിസ് ലോകകപ്പ് അരങ്ങേറ്റം കുറിക്കും. പരുക്കേറ്റു ടീമിനു പുറത്തായ ആന്ദ്രെ റസ്സലിനു പകരമാണ് ആംബ്രിസ് ടീമിലെത്തിയത്.
ഇന്ത്യ: കെ.എൽ രാഹുൽ, രോഹിത് ശർമ, വിരാട് കൊഹ്‌ലി, വിജയ് ശങ്കർ, എം.എസ് ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബൂമ്ര.
വിൻഡീസ്: ക്രിസ് ഗെയ്ല്‍, സുനിൽ അംബ്രിസ്, ഷായ് ഹോപ്, നിക്കോളാസ് പൂരൻ, ഷിംറോൺ ഹെറ്റ്മയേർ, ജേസൺ ഹോൾഡർ, കാർലോസ് ബ്രാത്‌വെയ്റ്റ്, ഫാബിയൻ അലൻ, കെമർ റോച്ച്, ഷെൽഡൺ കോട്ട്‌റെൽ, ഒഷാനെ തോമസ്.