വാഷിംഗ്ടൺ: മരിച്ചുകിടക്കുന്ന അച്ഛന്റെയും രണ്ടു വയസുകാരി മകളുടെയും ചിത്രം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ ചിത്രം താൻ വെറുക്കുന്നെന്നും അദ്ദേഹം നല്ലൊരു അച്ഛനാണെന്നും ട്രംപ് പറഞ്ഞു. അൽബർട്ടോ റാമിറസ് മകൾ വലേറിയയുമാണ് ചിത്രത്തിലുള്ളത്.
ട്രംപിന്റെ കടുത്ത അതിർത്തി നയം ലോകത്തിന് മുന്നിൽ രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്ന് ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തുകയാണ്. അതേസമയം അതിർത്തി നയങ്ങളെ പിന്തുണയ്ക്കാൻ പ്രതിപക്ഷം തയ്യാറാകാത്തതാണ് അനധികൃത കുടിയേറ്റക്കാരുടെ മരണത്തിന് കാരണമെന്നാണ് ട്രംപിന്റെ വാദം.
എൽസോൽവഡോർ എന്ന രാജ്യത്ത് നിന്ന് അമേരിക്കയിലേക്ക് ചേക്കേറാൻ റാമിറസ് പല വഴികളും നോക്കി. രണ്ട് മാസമായി കുടുംബം മെക്‌സിക്കോയിലെത്തിയിട്ട്. കടുത്ത ചൂടിൽ അഭായാർത്ഥി ക്യാംപിലെ ജീവിതം സഹികെട്ടപ്പോഴാണ് ആൽബർട്ടോ റാമിറസ് മകൾക്കും ഭാര്യയ്ക്കുമൊപ്പം മെക്‌സിക്കോയിലെ റയാ ഗ്രാൻഡെയിലെ നദി നീന്തിക്കടക്കാൻ തീരുമാനിച്ചത്.
മകളെയും കൊണ്ട് ആദ്യം നദികടന്നു. ശേഷം അവളെ അവിടെ നിർത്തി, ഭാര്യയെ കൊണ്ടുപോകാൻ അക്കരയ്ക്ക് തിരികെ പോകുമ്പോൾ മകൾ നദിയിലേക്ക് ചാടുകയായിരുന്നു. ആ കുത്തൊഴുക്ക് മറികടക്കാൻ ഇരുവർക്കും സാധിച്ചില്ല. ആ അച്ഛനും മകളും ജീവിതത്തിൽ നിന്ന് തന്നെ പടിയിറങ്ങി. എന്നാൽ മരിച്ച് കിടക്കുമ്പോഴും ആ അച്ഛൻ മകളെ തന്റെ ടീഷർട്ടിനുള്ളിൽ ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു. മെക്‌സിക്കൻ ദിനപത്രമായ ലാ ജൊർണാഡയാണ് ചിത്രം പ്രസിദ്ധീകരിച്ചത്.