ന്യൂഡൽഹി:ഹരിയാനയിൽ കോൺഗ്രസിന്റെ യുവ നേതാവ് വികാസ് ചൗധരിയെ ( 38 ) അജ്ഞാതരായ രണ്ട് അക്രമികൾ വെടിവച്ചു കൊലപ്പെടുത്തി. ഫരീദാബാദിൽ സെക്‌ടർ 9ൽ വികാസ് ചൗധരി പതിവായി എത്തുന്ന ജിംനേഷ്യത്തിന് മുന്നിൽ ഇന്നലെ രാവിലെ ഒൻപതരയോടെയാണ് ആക്രമണം നടന്നത്.
ജംനേഷ്യത്തിന്റെ പാർക്കിംഗ് ഏരിയയിൽ എസ്.യു.വിയിൽ വികാസ് ചൗധരി കയറിയ ഉടനാണ് ആക്രമണം നടന്നത്. തൊട്ടടുത്തുള്ള റോഡിൽ വന്നു നിന്ന വെളുത്ത കാറിൽ നിന്ന് ഇറങ്ങിയ അക്രമികൾ അടുത്തെത്തി നിരവധി തവണ വെടിവയ്‌ക്കുയായിരുന്നു. ഒരാൾ മുന്നിലെ ഗ്ലാസിലൂടെയും മറ്റൊരാൾ ഡ്രൈവർ വിൻഡോയിലൂടെയുമാണ് വെടി വച്ചത്. തുടർന്ന് പിന്തിരിഞ്ഞ് നടന്ന അക്രമികളിൽ ഒരാൾ വീണ്ടും വികാസിന്റെ കാറിന്റെ അടുത്ത് ചെന്ന് നോക്കിയിട്ടാണ് പോയത്. നിരവധി പേർ നോക്കി നിൽക്കെ അക്രമികൾ സ്ഥലം വിട്ടു. ജിമ്മിലെ സി. സി. ടി. വി കാമറയിൽ നിന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. കൊലയാളിസംഘത്തിൽ നാല് പേർ ഉണ്ടായിരുന്നതായും രണ്ട പേർ കാറിൽ ഇരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്നവർ വികാസ് ചൗധരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്ക് അദ്ദേഹത്തെ രക്ഷിക്കാനായില്ല.അദ്ദേഹത്തിന്റെ ദേഹത്ത് പത്ത് വെടിയുണ്ടകൾ കൊണ്ടതിന്റെ മുറിവുകൾ ഡോക്ടർമാർ കണ്ടെത്തി.
സംസ്ഥാന കോൺഗ്രസിന്റെ വക്താവായിരുന്ന വികാസ് ചൗധരി പി. സി. സി അദ്ധ്യക്ഷൻ അസോക് തൻവറിന്റെ വിശ്വസ്തനായിരുന്നു.
ഇന്ത്യൻ നാഷണൽ ലോക് ദളിന്റെ വിദ്യാർത്ഥി വിഭാഗത്തിലൂടെ രാഷ്‌ട്രയത്തിൽ എത്തിയ വികാസ് ചൗധരി 2015ലാണ് കോൺഗ്രസിൽ എത്തിയത്.