മുംബയ്: ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതിയിൽ യുവതി പുതിയ തെളിവുകൾ പുറത്തുവിട്ടു. തനിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകളാണ് യുവതി പുറത്തുവിട്ടത്. സ്വന്തം ഇമെയിൽ ഐഡിയിൽ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച് നൽകിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. യുവതിയുടെ ബിസിനസ് മെയിൽ ഐഡിയിലേക്കാണ് വിസ അയച്ചത്. 2015 ഏപ്രിൽ 21നാണ് ബിനോയ് വിസ അയച്ച് നൽകിയത്. വിസയ്ക്കൊപ്പം ദുബായ് സന്ദർശിക്കാൻ വിമാന ടിക്കറ്റുകളും ഇ-മെയിൽ വഴി അയച്ച് നൽകിയിട്ടുണ്ട്.
കോടിയേരി ബാലകൃഷ്ണൻ മുൻ മന്ത്രിയാണെന്ന വിവരം മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതി മറച്ചുവച്ചുവെന്നും യുവതി ആരോപിക്കുന്നു. ബിനോയ് ദുബായിൽ പ്രതിയായ ക്രിമിനൽ കേസുകളുടെ വിവരവും അപേക്ഷയിൽ മറച്ചുവെച്ചെന്നും യുവതി കോടതിയെ അറിയിച്ചു. മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ്‌ക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും യുവതി ആവശ്യപ്പെടുന്നു. അതേസമയം, ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഉടനെ ഉണ്ടാകും.