whatsapp

ഇന്ന് ഏറ്റവും ജനകീയമായ ഒരു മെസ്സേജിങ് ആപ്പ് ഉണ്ടെങ്കിൽ അത് വാട്സാപ്പാണ്. പ്രായഭേദമന്യേ വാട്സാപ്പിനെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയവർ നിരവധിയാണ്. ചെറുമക്കളും മക്കളുമൊക്കെ ഇത്രവേഗത്തിൽ എങ്ങനെയാണ് ഫോണിൽ ടൈപ്പ് ചെയ്യുന്നത് എന്ന് അത്ഭുതപ്പെട്ടിരുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും അതിനെ വെല്ലുന്ന സ്പീഡിലാണ് ഇപ്പോൾ ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. കേശവൻ മാമന്മാരും പോരാളി ഷാജിമാരും വാട്സാപ്പിനെയാണ് ആശയപ്രചാരണത്തിനും മറ്റും ഇപ്പോൾ കൂട്ടുപിടിക്കുന്നത്.

അതുകൊണ്ടുതന്നെ സ്പാം മെസേജുകളുടെ പൂരമാണ് വാട്സാപ്പിൽ. എന്നും വച്ച് വാട്സാപ്പിനെ ഒരു കാരണവശാലും ആരും കൈയൊഴിയില്ല. ഇത്രവും ചിലവ് കുറഞ്ഞ, എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന, താരതമ്യേന സുരക്ഷിതമായ മറ്റൊരു മെസേജിങ് പ്ലാറ്റ്ഫോം ഇല്ലെന്നത് തന്നെ കാരണം. എന്നാൽ ഇത് ഉപയോഗിക്കുന്ന കൂടുതൽ പേർക്കും വാട്സാപ്പ് നൽകുന്ന സേവനങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ച് ഇപ്പോഴും വലിയ ധാരണയൊന്നുമില്ല. കൈയിൽ കിട്ടിയ ഒരു സാധനം വലിയ ദോഷമില്ലാതെ ഉപയോഗിക്കുന്നു എന്ന് മാത്രം. എന്നാൽ ഈ ആപ്പ്ളിക്കേഷൻ കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ?

കേശവൻ മാമനെ ഒതുക്കാം

വാട്സാപ്പിലെ ഗ്രൂപ്പ് ചാറ്റുകൾ ഒരു അനുഗ്രഹമാണ്. ഒറ്റയടിക്ക് ഒരുപാടുപേരെ അത് ഒരിടത്തെത്തിക്കുന്നു. എന്നാൽ ചിലപ്പോഴൊക്കെ ഈ ഗ്രൂപ്പ് കളി വലിയ തലവേദനയാകാറുണ്ട്. ഇടക്കിടയ്ക്ക് വരുന്ന നോട്ടിഫിക്കേഷൻ തന്നെ കാരണം. ഇടക്കിടക്ക് ഫോൺ വൈബ്രേറ്റ് ചെയ്യുന്നതും, മൂളിക്കൊണ്ടിരിക്കുന്നതുമൊന്നും ആർക്കും അങ്ങനെ ഇഷ്ടമല്ല. ഇതിനു വഴിയുണ്ട്. വാട്സാപ്പിൽ കേറി ഗ്രൂപ്പ് ഞെക്കിപ്പിടിക്കുക. അപ്പോൾ മുകളിൽ മ്യൂട്ട് ഓപ്‌ഷൻ വരും. ഇതിൽ തൊട്ടാൽ പിന്നെ ഒരു വർഷം വരെ കേശവൻ മാമനെ പേടിക്കേണ്ട.

ഈ 'ടിക്ക്' അങ്ങ് എടുക്കുവാ

ഒരാൾക്ക് മെസ്സേജ് അയച്ചാൽ അത് അയാൾ കണ്ടു എന്ന് ഉറപ്പ് വരുത്താനുള്ള വാട്സാപ്പ് ഏർപ്പെടുത്തിയ സംവിധാനമാണ് 'ബ്ലൂ ടിക്ക്'. ഈ ഇരട്ട ടിക്ക് കാരണം പെട്ടുപോകുന്നത് കൂടുതലും കാമുകീകാമുകന്മാരാണ്. കാമുകി തന്റെ മെസേജ് 'ഇഗ്‌നോർ' ചെയ്താൽ കൊല്ലാൻ നടക്കുന്ന കാമുകന്മാരുടേയും, തന്റെ മെസേജിന് റിപ്ലൈ കിട്ടിയില്ലെങ്കിൽ വിറളി പിടിക്കുന്ന കാമുകിമാരുടേയും നാടാണിത്. അതുകൊണ്ട് ഈ പ്രശ്നം നൈസായിട്ട് ഒഴിവാക്കാൻ ആദ്യം സെറ്റിംഗ്സിൽ പോകുക, എന്നിട്ട് അക്കൗണ്ടിൽ കേറുക, നേരെ പ്രൈവസിയിൽ പോയി 'റീഡ് റെസീപ്റ്റ്സ്‌' ഒഫ് ചെയ്യുക.

വേണമെങ്കിൽ വാട്സാപ്പ് കംപ്യൂട്ടറിലും വരും

വാട്സാപ്പിനെ കംപ്യൂട്ടറിലും എത്തിക്കാം എന്ന് എത്ര പേർക്കറിയാം? ഒരു സിംപിൾ ക്യൂ.ആർ കോഡ് മതി വാട്സാപ്പിനെ കമ്പ്യൂട്ടറിലേക്ക് കയറ്റാൻ. ഈ കോഡ് സ്കാൻ ചെയ്യുന്നതോടെ 'വാട്സാപ്പ് വെബ്ബി'ന് നമ്മൾ വാട്സാപ്പ് ഉപയോഗിക്കുന്ന ഡിവൈസിനെ തിരിച്ചറിയാൻ സാധിക്കും. ഇങ്ങനെ, ഫോണിൽ കുത്തി മടുത്തവർക്ക് കീബോർഡിൽ ടൈപ്പ് ചെയ്ത് മെസേജുകൾ അയക്കാം.

കണ്ട് കണ്ട് സംസാരിക്കാം

വാട്സാപ്പിൽ വീഡിയോ കാൾ മാത്രമല്ല, ഗ്രൂപ്പ് വീഡിയോ കാൾ കൂടിയുണ്ട്. ഇതിന് ചെയ്യേണ്ടത്, ആദ്യം ഒരാളുമായി വോയിസ് കോളോ വീഡിയോ കോളോ ചെയ്യുക. എന്നിട്ട് ആഡ് പാർട്ടിസിപ്പന്റ് എന്ന് മുകളിൽ കാണുന്ന ഓപ്‌ഷനിൽ തൊടുക. ഇങ്ങനെ തൊടുന്നതിലൂടെ കൂടുതൽ ആൾക്കാരെ വീഡിയോ കോളിലേക്ക് എത്തിക്കാം. പക്ഷെ പരമാവധി മൂന്ന് പേരുമായി മാത്രമേ ഇങ്ങനെ ചാറ്റ് ചെയ്യാൻ പറ്റൂ.

മെമ്മറി പോവല്ലേ

വാട്സാപ്പിൽ നിരന്തരം വരുന്ന ഫോട്ടോകളും വീഡിയോകളും തിന്ന് തീർക്കുന്നത് ഫോണിന്റെ മെമ്മറിയാണ്. ഇത് ഇടയ്ക്കിടക്ക് ഡിലീറ്റ് ചെയ്യാമെന്ന് വിചാരിച്ചാൽ മിക്കപ്പോഴും അത് നടക്കില്ല. അൽപ്പം കഴിഞ്ഞാൽ ഫോൺ ഹാങ്ങ് ആവുകയും ചെയ്യും. പക്ഷെ ഇതൊഴിക്കാൻ ഒരു വഴിയുണ്ട്. സെറ്റിങ്സിൽ പോയി ഡാറ്റ ആൻഡ് സ്റ്റോറേജ് ഓപ്‌ഷനിൽ ഓട്ടോമാറ്റിക്ക് ഡൗൺലോഡ് ഒഫ് ചെയ്‌താൽ മാത്രം മതി. മെമ്മറിയും പോകില്ല ഫോൺ ഹാങ്ങും ആവില്ല.