ലണ്ടൻ:മുംബയിൽ നിന്ന് അമേരിക്കൻ സംസ്ഥാനമായ ന്യൂജഴ്‌സിയിലെ ന്യൂആർക്കിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. പരിശോധനയിൽ ബോംബൊന്നും കണ്ടെത്താത്തതിനാൽ വിമാനം പിന്നീട് യാത്ര തുടർന്നു.
ബോംബ് ഭീഷണി നേരിട്ട ഇന്ത്യൻ വിമാനം ലണ്ടനിലെ എസെക്‌സിലുള്ള വിമാനത്താവളത്തിൽ ഉൽക്കണ്ഠയും നാടകീയ രംഗങ്ങളും സൃഷ്‌ടിച്ചു ബ്രിട്ടീഷ് പോർവിമാനങ്ങളുടെ അകമ്പടിയോടെ ലാൻഡ് ചെയ്‌ത എയർ ഇന്ത്യ വിമാനം വിശദപരിശോധനയ്‌ക്കായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വിമാനത്താവളത്തിൽ പൊലീസ് വൻ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തിയിരുന്നു. ലാൻഡിംഗ് സമയത്ത് വിമാനത്താവളം താൽക്കാലികമായി അടച്ചിടുകയും ചെയ്‌തു.
ഇന്നലെ പുലർച്ചെയാണ് എ. ഐ 191 ബോയിംഗ് 777-337 വിമാനം മുംബയിൽ നിന്ന് ന്യൂആർക്കിലെ ലിബർട്ടി ഇന്റർനാഷണൽ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടില്ല. ബോംബ് ഭീഷണിയെ തുടർന്ന് വിമാനം ലണ്ടനിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. തുടർന്ന് ബ്രിട്ടൻ റോയൽ എയർഫോഴ്‌സിന്റെ ടൈഫൂൺ സൂപ്പർസോണിക് പോർവിമാനങ്ങൾ അയച്ചു. ശബ്ദാതിവേഗത്തിൽ പറന്ന് ഇന്ത്യൻ വിമാനത്തിന്റെ അടുത്ത് എത്താനായിരുന്നു അവയ്‌ക്കുള്ള നിർദ്ദേശം. അതനുസരിച്ച് പറന്നതിനെ തുടർന്നുണ്ടായ ഉഗ്ര ശബ്ദം ( സോണിക് ബൂം ) സ്‌ഫോടനമാണെന്ന് കരുതി ജനങ്ങൾ പരിഭ്രാന്തരായി പൊലീസിനെയും അഗ്നി സേനയെയും വിളിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ബ്രിട്ടീഷ് വിമാനങ്ങൾ ഇന്ത്യൻ വിമാനത്തിന് അകമ്പടിയായി. ചെയ്‌തു. ബ്രിട്ടീഷ് സമയം രാവിലെ 10:15നാണ് (ഇന്ത്യൻ സമയം 2:45 ) വിമാനം ലാൻഡ് ചെയ്‌തത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായി.
സംഭവത്തെ പറ്റി ഇന്ത്യൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.