ന്യൂഡൽഹി: ബഡ്ജറ്റ് അവതരണത്തിന് മുൻപ് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിനെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. മൻമോഹനെ അദ്ദേഹത്തിന്റെ ഡൽഹിയിലുള്ള വസതിയിലെത്തിയാണ് നിർമല കണ്ടത്. ഔചിത്യം കണക്കിലെടുത്താണ് നിർമല മൻമോഹനെ സന്ദർശിച്ചത്.
ജൂലൈ അഞ്ചിനാണ് നിർമല സീതാരാമൻ പാർലമെന്റിൽ ബഡ്ജറ്റ് അവതരിപ്പിക്കുക. തിരഞ്ഞെടുപ്പിൽ ജയിച്ച് ധനമന്ത്രി സ്ഥാനത്തേക്ക് എത്തിയ നിർമല സീതാരാമന്റെ ആദ്യത്തെ ബഡ്ജറ്റ് അവതരണമാണിത്. നരസിംഹ റാവു സർക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുള്ളയാളാണ് മൻമോഹൻ സിംഗ്.
1991ൽ അദ്ദേഹം കൊണ്ടുവന്ന സാമ്പത്തിക പരിഷ്കരണങ്ങൾ ഇന്ത്യയെ ഉദാരവത്കരണത്തിലേക്ക് നയിക്കുകയും കമ്പോളത്തെ സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുകയും ചെയ്തു. 30 വർഷമായി രാജ്യസഭാ മെമ്പർ ആയിരുന്ന മൻമോഹൻ സിംഗ് ഇത്തവണത്തെ ബഡ്ജറ്റ് അവതരണത്തിന് പാർലമെന്റിൽ ഉണ്ടാകില്ല. എം.പി ആയുള്ള അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതാണ് കാരണം.
59 വയസു മാത്രമുള്ള, നിർമല സീതാരാമൻ രാജ്യത്തെ ആദ്യ വനിതാ ധനമന്ത്രിയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നുവെങ്കിലും അധിക ചുമതല എന്ന രീതിയിലായിരുന്നു ധനമന്ത്രിയായത്. തിരഞ്ഞെടുപ്പിന് മുൻപ് മോദി സർക്കാർ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചിരുന്നു. മൻമോഹൻ സിംഗ് ഇതിനെ 'തിരഞ്ഞെടുപ്പ് ബഡ്ജറ്റ്' എന്നായിരുന്നു വിളിച്ചിരുന്നത്.