നീരവിനും സഹോദരിക്കും 283.16 കോടിയുടെ നിക്ഷേപം
സ്വിറ്റ്സർലൻഡ് : വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെയും സഹോദരി പുർവിയുടെയും പേരിലുള്ള 283.16 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ സ്വിറ്റ്സർലൻഡ് സർക്കാർ മരവിപ്പിച്ചു.
ഇന്ത്യൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർത്ഥനപ്രകാരമാണിത്. നാലു മാസം മുൻപാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് സ്വിറ്റ്സർലൻഡ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ചെടുത്ത പണം സ്വിസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്ന സൂചനയെ തുടർന്നായിരുന്നു ഇത്. ആദ്യം ദുബായിലെ ഒരു ബാങ്കിലേക്കും പിന്നീട് ഹോങ്കോംഗിലേക്കും തുടർന്ന് സ്വിസ് ബാങ്കിലേക്കും മാറ്റുകയായിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായിരുന്നു. വാൻഡ്‌വർത്ത് ജയിലിൽ കഴിയുന്ന ഇയാൾ നാലാം വട്ടവും ജാമ്യത്തിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.