ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശന വേളയിൽ 'ജയ് ശ്രീറാം', 'വന്ദേ മാതരം' വിളികൾ ഉയർന്നു. ജപ്പാനിലെ കോബെയിലുള്ള പ്രെഫെക്ച്ചർ ഗസ്റ്റ് ഹൗസിൽ വച്ച് മോദി തന്റെ പ്രസംഗം അവസാനിച്ചപ്പോഴാണ് മോദിയെ കാണാനെത്തിയ ഇന്ത്യൻ ജനത ഇങ്ങനെ പ്രതികരിച്ചത്.
ഹാളിൽ കൂടിയിരുന്ന ഇന്ത്യക്കാരെ മോദി കൈവീശി കാണിക്കുകയും അവരുടെ സ്നേഹത്തിനുള്ള തന്റെ നന്ദി അറിയിക്കുകയും ചെയ്തു. തന്റെ പ്രസംഗത്തിനിടെ ഇന്ത്യക്കാരെ 'ഭാരതത്തിന്റെ പ്രതിനിധികൾ' എന്നാണ് മോദി വിശേഷിപ്പിച്ചത്. രണ്ട് ദിവസം നീണ്ട 'ജി 20' സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മോദി.
'ജയ് ശ്രീറാം' എന്ന ശ്രീരാമ സ്തുതി അടുത്തിടെ ഏറെ വിവാദമാകുകയുണ്ടായി. 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിച്ച് ജാർഖണ്ഡിലെ തബ്രീസ് അൻസാരി എന്ന മുസ്ലിം യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതുകൂടാതെ രാജ്യത്തിന്റെ പല ഭാഗത്തായി ഈ ശ്രീരാമ സ്തുതിയുടെ പേരിൽ ആക്രമണങ്ങൾ അരങ്ങേറി.
ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അദ്ധ്യക്ഷയുമായ മമത ബാനർജിയും 'ജയ് ശ്രീറാം' വിളികൾക്കെതിരെ രംഗത്തെത്തിയിരുന്നു. 'ജയ് ഹിന്ദെന്നും', 'ജയ് ബംഗ്ളാ' എന്നും വിളിച്ചുകൊണ്ടാണ് മമത ഇതിനെതിരെ പ്രതികരിച്ചത്. ബി.ജെ.പി രാഷ്ട്രീയതും മതവും കൂട്ടികുഴയ്ക്കുകയാണെന്നും ബംഗാൾ മുഖ്യമന്ത്രി ആരോപിച്ചു.