മലയാളത്തിൽ വിജയനിർമ്മല ആദ്യമായി അഭിനയിച്ച എ. വിൻസെന്റിന്റെ ഭാർഗവീനിലയം എന്ന സിനിമയിൽ അവർ എത്തിയത് തികച്ചും യാദൃശ്ചികമായിരുന്നു. ചിത്രത്തിലെ നായികാ കഥാപാത്രമായ ഭാർഗവിക്കുട്ടിയെ അവതരിപ്പിക്കാൻ യോജിച്ച നടിയെ അന്വേഷിച്ച് വിൻസെന്റ് ഒരുപാട് അലഞ്ഞു. അങ്ങനെയിരിക്കെയാണ് അദ്ദേഹം വാഹിനി സ്റ്റുഡിയോയിലെ പ്രൊജക്ടർ ഓപ്പറേറ്ററുടെ മകളായിരുന്ന വിജയനിർമ്മലയെ കാണുന്നത്. ഭാർഗവിയുടെ കണ്ണുകളാണ് നിർമ്മലയുടേതെന്ന് വിൻസെന്റ് ഉറപ്പിച്ചു. ഒറ്റനോട്ടത്തിൽ തന്നെ തന്റെ കഥാപാത്രമാണ് മുന്നിൽ നിൽക്കുന്നതെന്ന് അദ്ദേഹത്തിന് തോന്നി. തുടർന്ന് വിജയനിർമ്മലയുടെ അച്ഛനുമായി സംസാരിക്കുകയും സിനിമയിൽ നായികയാക്കാൻ തീരുമാനിക്കുകയുമായിരുന്നു.
വിജയനിർമ്മലയുടെ അഭിനയത്തെക്കുറിച്ച് മലയാളിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. അവർ അഭിനയിച്ച 25 മലയാള സിനിമകളിലൂടെ മലയാളികൾ അത് അനുഭവിച്ചറിഞ്ഞതാണ്. മലയാളത്തോടും മലയാളികളോടും പ്രത്യേക സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിച്ച സ്ത്രീയായിരുന്നു വിജയനിർമ്മല. ഞാനും അവരോടൊപ്പം രണ്ട് സിനിമകളിൽ അഭിനയിച്ചു. പിന്നീട് വിജയനിർമ്മല തെലുങ്കിലേക്ക് പോവുകയായിരുന്നു. എനിക്ക് വിജയനിർമ്മലയുമായി അടുത്ത വ്യക്തിബന്ധമൊന്നും ഉണ്ടായിരുന്നില്ല. ആർട്ടിസ്റ്റുകൾ തമ്മിലുള്ള ബന്ധമായിരുന്നു ഞങ്ങളുടേത്. മികച്ച അഭിനയപാടവമുള്ള നടിയായിരുന്നു അവർ. ജോലിയോട് അസാമാന്യ പ്രതിബദ്ധതയും ആത്മാർത്ഥതയും പുലർത്തി അവർ. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏതറ്റം വരെ പോകാനും അവർ തയ്യാറായിരുന്നു. അതിനാലാണ് അവരുടെ കഥാപാത്രങ്ങൾ ഇപ്പോഴും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു സ്ത്രീ 47 സിനിമകൾ സംവിധാനം ചെയ്യുക എന്നകാര്യം ഒരു പക്ഷേ അദ്ഭുതമായിരിക്കും. ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം വിജയനിർമ്മലയുടെ വിയോഗം അപരിഹാര്യമായ നഷ്ടമാണ്. ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇനിയും അവരിൽ നിന്ന് മികച്ച സിനിമകൾ ഉണ്ടാകുമായിരുന്നു. ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു.