mar-george-alencherry-

കൊച്ചി: വിവാദമായ ഭൂമിയിടപാടിന്റെ പേരിൽ പ്രതിക്കൂട്ടിലായ സീറോ മലബാർസഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക്‌ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തിരിച്ചുനൽകി മാർപാപ്പ ഉത്തരവിട്ടു. അതിരൂപതയുടെ രണ്ടു സഹായ മെത്രാന്മാരെ മാറ്റിനിറുത്തി. ഭരണച്ചുമതല വഹിച്ചിരുന്ന ബിഷപ്പ് ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപതയിലേക്കു മടങ്ങും.

ഭൂമിയിടപാടിന്റെ പേരിൽ ജോർജ് ആലഞ്ചേരിക്കെതിരെ മാർപാപ്പ നടപടി സ്വീകരിക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ് അദ്ദേഹത്തെ മുഴുവൻ അധികാരങ്ങളോടെ തിരികെ നിയോഗിച്ചത്. കർദ്ദിനാൾ വിരുദ്ധ നീക്കങ്ങൾക്ക് പിന്തുണ നൽകിയെന്ന് ആരോപിക്കപ്പെട്ട സഹായ മെത്രാന്മാരായ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവരെയാണ് മാറ്റിനിറുത്തിയത്. ഇവരുടെ പുതിയ ചുമതല സിനഡ് തീരുമാനിക്കും.

ഇന്നലെ വൈകിട്ടാണ് ഉത്തരവ് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ചത്. ഭൂമിയിടപാടിൽ ആരോപണവിധേയനായ കർദ്ദിനാൾ ആവശ്യപ്പെട്ട പ്രകാരമാണ് മാർപാപ്പ ഭരണച്ചുമതലയിൽ നിന്ന് നീക്കി പാലക്കാട് ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ നിയോഗിച്ചത്.

അതിരൂപതയിലെ സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിമാസ ബഡ്‌ജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ച രേഖകളും മേജർ ആർച്ച് ബിഷപ്പ് സ്ഥിരം സിനഡിന് നൽകണം. അടുത്ത യോഗം വരെ സിനഡുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കണം. കൂരിയായിലെ നിയമനങ്ങൾ സ്ഥിരം സിനഡുമായി ആലോചിച്ച് നടപ്പാക്കാൻ അദ്ദേഹത്തിന് പൂർണ സ്വാതന്ത്ര്യമുണ്ടാകും. കൂരിയ (ഓഫീസ്)യുടെ പുനഃക്രമീകരണം ആഗസ്റ്റിനുശേഷം നടത്തണം.

സാമ്പത്തികകാര്യങ്ങളിലുൾപ്പെടെ തീരുമാനങ്ങളെടുക്കാൻ ദീർഘവീക്ഷണത്തോടെ സിനഡ് യോഗം ശ്രദ്ധിക്കണം. സഭയിൽ കൂട്ടായ്മയും സഹകരണവും വളർത്തുന്ന നടപടികൾക്ക് പ്രഥമ പരിഗണന നൽകണമെന്നും മാർപാപ്പ നിർദ്ദേശിച്ചതായി സീറോ മലബാർ സഭ മീഡിയ കമ്മിഷൻ ചെയർമാൻ ബിഷപ്പ് ജോസഫ് പാംപ്ളാനി പറഞ്ഞു.

തീരുമാനം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്ത് സമർപ്പിച്ച റിപ്പോർട്ടും നിർദ്ദേശങ്ങളും പഠിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ഉത്തരവിൽ പറയുന്നു. റോമിൽ പൗരസ്ത്യ സഭകൾക്കായുള്ള സംഘത്തിന്റെ പ്രീഫെക്ട് കർദ്ദിനാൾ ലെയനാർദോ സാന്ദ്രിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

''അതിരൂപതയിൽ ഏറെനാളുകളായി നിലനിന്നിരുന്ന പ്രതിസന്ധികളെ സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ അന്തിമ വിധിതീർപ്പ് സഭാംഗങ്ങളെല്ലാവരും ഒരു മനസോടെ സ്വീകരിക്കണം. സഭയുടെ കൂട്ടായ്മ അഭംഗുരം നിലനിറുത്താൻ ഒരേ മനസോടെ പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണം".

- കർദ്ദിനാൾ ജോർജ് ആലഞ്ചേരി