മുംബയ്: പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മുംബയ് ദിൽദോഷി സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച വിധി പറയുന്നതുവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു.
ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. തുടർന്ന് യുവതി നിയോഗിച്ച അഭിഭാഷകനോട് വാദങ്ങൾ എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടു.
കോടതി നടപടികൾ ആരംഭിച്ചപ്പോൾ യുവതിക്കായി പ്രത്യേക അഭിഭാഷകൻ ഹാജരായി. വാദങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് കോടതിയിൽ അപേക്ഷ നൽകി. എന്നാൽ ഇതിനെ ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ എതിർത്തു. കേസ് നീട്ടിക്കൊണ്ട് പോകാനുള്ള തന്ത്രമാണിതെന്നായിരുന്നു ആരോപണം. ഇക്കാര്യത്തിൽ കോടതിയിൽ തർക്കം നടന്നപ്പോൾ കേസിൽ എല്ലാവരുടെയും വാദം കേൾക്കാൻ കോടതി സന്നദ്ധമാണെന്നറിയിച്ച് വാദങ്ങൾ എഴുതി നൽകാൻ കോടതി യുവതിയുടെ അഭിഭാഷകനോട് നിർദ്ദേശിച്ചു. എഴുതി നൽകിയ വാദങ്ങൾ പരിശോധിക്കേണ്ടതുള്ളതിനാൽ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയാണ് കോടതി ചെയ്തത്.