കൊച്ചി: നിർമ്മാണ അനുമതി ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ അകാരണമായി വെച്ച് താമസിപ്പിച്ചെന്ന പരാതിയെ തുടർന്ന് കൊച്ചി കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ സി .എം .സുലൈമാനെ തദ്ദേശ സ്വയംഭരണ വകുപ്പ് സസ്‌പെൻഡ്ചെയ്തു.വി .ഐ ബേബി ഈ മാസം 21 ന് സമർപ്പിച്ച പരാതിയിലാണ് നടപടി.കൊച്ചി നഗരസഭാ പരിധിയിൽ പെടുന്ന 67ാം ഡിവിഷനിലെസ്ഥലത്ത് നിർമ്മാണ അനുമതിക്കായി 2018 ആഗസ്ത് ഒന്നിനാണ് ബേബി അപേക്ഷ സമർപ്പിച്ചത്. സൂപ്രണ്ടിംഗ് എൻജിനീയർ സി .എം .സുലൈമാൻ അകാരണമായി കാലതാമസം വരുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബേബി സർക്കാരിന് പരാതി നൽകി. 1999 ലെ കേരള മുൻസിപ്പാലിറ്റി ബിൽഡിംഗ് ചട്ടങ്ങൾ പ്രകാരം ഇത്തരം അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നിരിക്കേ പത്തു മാസം കഴിഞ്ഞിട്ടും സൂപ്രണ്ടിംഗ് എൻജിനീയർഫയൽകൈവശം വച്ച് കാല താമസം വരുത്തിയതായി പരിശോധനയിൽ വ്യക്തമായെന്ന് ഉത്തരവിൽ പറയുന്നു.കാലതാമസം വരുത്തിയത് സംബന്ധിച്ച് ബേബി പരാതി നൽകിയെന്ന് അറിഞ്ഞതോടെ ഫയലിൽ തീയതികൾ തിരുത്തിയെന്ന് വ്യക്തമായെന്നും അഡീഷണൽ സെക്രട്ടറി മിനിമോൾ എബ്രഹാം പറഞ്ഞു.