pj-army

കണ്ണൂർ: കണ്ണൂർ രാഷ്ട്രീയത്തിൽ വിഭാഗീയത കൊടുമ്പിരി കൊള്ളുമ്പോൾ അതിന് ആക്കം കൂട്ടി സി.പി.എം മുൻജില്ലാ സെക്രട്ടറി പി.ജയരാജനെ പിന്തുണച്ച് പി.ജെ.ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പി.ജെ എന്ന ചുരുക്കപ്പേരിലുള്ള അനുഭാവികളുടെ ഫേസ്ബുക്ക് പേജിനെ പി.ജയരാജൻ തള്ളിക്കളഞ്ഞെങ്കിലും ഇപ്പോഴും ജയരാജൻ അനുകൂല പോസ്റ്റുകൾ സജീവമാകുന്നതിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ആന്തൂർ വിഷയം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ബിംബങ്ങളെക്കുറിച്ച് സൂചിപ്പിച്ചതും പി.ജയരാജനെ ഉദ്ദേശിച്ചായിരുന്നു. ഇതിനെ തുടർന്ന് പേജുകൾ അതിന്റെ പേര് മാറ്റണമെന്നും ബിംബമാക്കി മാറ്റരുതെന്നുമുള്ള പി.ജയരാജൻ മുന്നുദിവസങ്ങൾക്ക് മുമ്പ് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ പി.ജെ. ആർമി എന്ന പേജിന്റെ അഡ്മിൻ ഷമാപണവും നടത്തി. എന്നാൽ ഇന്നിപ്പോൾ അതേ പി. ജെ. ആർമി തന്നെ ജയരാജനെ വാനോളം പുകഴ്ത്തി വീണ്ടുംപോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.

ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട് എന്നുപറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. പണ്ടൊരു തിരുവോണ നാളിൽ വെട്ടിനുറുക്കപ്പെട്ടയാൾ, അംഗ പരിമിതനാക്കപ്പെട്ടയാൾ, ഒരിക്കലും തിരികെ വരില്ലെന്ന് കരുതിയവർക്കെല്ലാം ഉൾക്കിടിലമായി അവശേഷിക്കുന്ന കയ്യിൽ ചുവന്ന പതാകയും തിരുകി പുഞ്ചിരിച്ച് കൊണ്ട് കണ്ണൂരിന്റെ തെരുവുകളിൽ ഇങ്ക്വിലാബ് മുഴക്കിയ ധീരത അതേ ചിരിയിൽ ഇന്നും കണ്ണൂരിനെ നയിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു..... ഞങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവും ആണ് ജയരാജേട്ടൻ . അതുകൊണ്ട് തന്നെ ഞങ്ങളുടെ കണ്ണും കരളും ജീവനും താങ്കളോട് ഐക്യപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മുന്നിൽ നിന്ന് വെട്ടിയിട്ട് വീണിട്ടില്ല, പിന്നെയാണ് പിന്നിൽ നിന്നും കുത്തിയാൽ. ഇതിന് പുറമെ ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്വത്തിന്റേതാണ് എന്നിങ്ങനെ ഇതേ പേജിൽ മറ്റു രണ്ടുപോസ്റ്റുകളും ഉണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഈ മനുഷ്യന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും നോട്ടത്തിലും ഉച്ഛ്വാസത്തിലും രാഷ്ട്രീയമുണ്ട്.....

അതിനെ പ്രധാനമായും മനുഷ്യ സ്നേഹം എന്ന ഒറ്റവാക്കിനാൽ രേഖപ്പെടുത്തുന്നു.... വെറുപ്പിന്റെ രാഷ്ട്രീയ തണലിൽ നിന്ന് കൈയ്യറുത്ത് മാറ്റിയവരുടെ കൈകളിലെല്ലാം മാനവ സ്നേഹത്തിന്റെ ചെങ്കൊടി നൽകി... കണ്ണൂരിന്റെ സാന്ത്വന സ്പർശങ്ങൾക്കും ഉണ്ട് സ:പിജെയുടെ കരുതലുകൾ.... പണ്ടൊരു തിരുവോണ നാളിൽ വെട്ടിനുറുക്കപ്പെട്ടയാൾ, അംഗ പരിമിതനാക്കപ്പെട്ടയാൾ, ഒരിക്കലും തിരികെ വരില്ലെന്ന് കരുതിയവർക്കെല്ലാം ഉൾക്കിടിലമായി അവശേഷിക്കുന്ന കയ്യിൽ ചുവന്ന പതാകയും തിരുകി പുഞ്ചിരിച്ച് കൊണ്ട് കണ്ണൂരിന്റെ തെരുവുകളിൽ ഇങ്ക്വിലാബ് മുഴക്കിയ ധീരത അതേ ചിരിയിൽ ഇന്നും കണ്ണൂരിനെ നയിക്കുന്നു...... ജയരാജേട്ടനെ പോലെ കരുത്തുറ്റ മനുഷ്യ സ്നേഹിയായ ഒരു നേതാവിനെ ഇന്ന് ഈ നാടിന് ആവശ്യമാണ്.... എന്നും അഭിമാനത്തോടെ ഞങ്ങൾക്ക് പറയാൻ കഴിയും..... ഞങ്ങളുടെ കരുത്തും അഭിമാനവും സ്വകാര്യ അഹങ്കാരവും ആണ് ജയരാജേട്ടൻ...... അതുകൊണ്ട് തന്നെ ഞങ്ങളുടെ കണ്ണും കരളും ജീവനും താങ്കളോട് ഐക്യപ്പെട്ടിരിക്കുന്നു.... സ്നേഹാഭിവാദ്യങ്ങൾ P Jayarajan Kannur ❤💪