ടെക്സാസ് : ഹൂസ്റ്റണിൽ മൂന്ന് വയസുകാരി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട കേസിൽ വളർത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ്‌ലി മാത്യൂസിനെ ജീവപര്യന്തം തടവിന് ഡാലസ് കോടതി ശിക്ഷിച്ചു. 30 വർഷത്തിനുശേഷം മാത്രമേ പരോളിന് അർഹതയുണ്ടാവൂ. പന്ത്രണ്ടംഗ വിധികർത്താക്കളുടെ സമിതിയാണ് ശിക്ഷ വിധിച്ചത്.
മലയാളി ദമ്പതികളായ സിനി മാത്യൂസിന്റെയും വെസ്‌ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്നു ഷെറിൻ. 2017 ഒക്ടോബർ 7നായിരുന്നു സംഭവം. ടെക്സാസിലെ റിച്ചാർഡ്സണിലുള്ള വീട്ടിൽനിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്ക് ശേഷം കലുങ്കിനടിയിൽ നിന്ന് അഴുകി പുഴുവരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പാലുകുടിക്കാത്തതിന് വീടിന് പുറത്തുനിറുത്തിയ കുട്ടിയെ മിനിട്ടുകൾക്കകം കാണാതായെന്നായിരുന്നു വെസ്‌ലിയുടെ മൊഴി. പിന്നീട്, കുട്ടി പാല് കുടിക്കുന്നതിനിടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് തിരുത്തി. സംശയം ബലപ്പെട്ടതോടെ പൊലീസ് കേസെടുത്തു.
വധശിക്ഷാ കുറ്റമാണ് ചുമത്തിയിരുന്നതെങ്കിലും മരണകാരണം തെളിയിക്കാൻ കഴിയാതെപോയതാണ് ശിക്ഷ ജീവപര്യന്തമായി ചുരുങ്ങാൻ കാരണം. ഉയർന്നകോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് വെസ്‌ലി.
2016 ൽ ബീഹാറിലെ അനാഥാലയത്തിൽ നിന്നാണ് ഷെറിനെ മലയാളികളായ അമേരിക്കൻ ദമ്പതികൾ ദത്തെടുത്തത്.
2017 ഒക്ടോബർ ഏഴിനാണ് വീട്ടിൽനിന്ന് ഷെറിനെ കാണാതായത്
രണ്ടാഴ്ചയ്ക്കുശേഷം വീടിന്റെ അരക്കിലോമീറ്റർ അകലെയുള്ള ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തി.
കുട്ടിയുടെ ദേഹത്ത് മുറിവുകളും ഒടിവുകളും കണ്ടത് സംശയത്തിനിടയാക്കി. ഇതോടെ ദമ്പതികളുടെ പേരിൽ കേസെടുത്തു
പാല് കുടിക്കുമ്പോൾ ശ്വാസം മുട്ടിയ കുട്ടിക്ക് എന്തുകൊണ്ട് വൈദ്യസഹായം നൽകിയില്ലെന്ന ചോദ്യത്തിന് ഭയം കൊണ്ടാണെന്നായിരുന്നു വെസ്‌ലിയുടെ മറുപടി
കുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുമ്പത്തെ രാത്രി സ്വന്തം കുഞ്ഞിനെയും കൊണ്ട് ദമ്പതികൾ പുറത്തുപോകുമ്പോൾ ഷെറിനെ വീട്ടിൽ ഒറ്റയ്ക്ക് നിറുത്തിയെന്നും കണ്ടെത്തി
കേസിൽ സിനി മാത്യൂസിനെ 15 മാസത്തെ ജയിൽവാസത്തിന് ശേഷം തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടിരുന്നു.
സ്വന്തം കുഞ്ഞ് പിറന്നതോടെ ഷെറിനെ ഒറ്റപ്പെടുത്തി
മാത്യൂസ് ദമ്പതികൾക്ക് മകൾ പിറന്നതോടെ ദത്തെടുത്ത ഷെറിനെ ഒറ്റപ്പെടുത്തിയെന്നും ക്രൂരമായി കൊലപ്പെടുത്തിയെന്നുമാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഷെറിനും സ്വന്തം കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് വീട്ടിൽ ലഭിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ഹൃദയവും ശ്വാസകോശവും പുഴുവരിച്ചു
ഷെറിൻ മാത്യൂസിന്റെ ആന്തരികാവയവങ്ങൾ പുഴുക്കൾ തിന്നു തീർത്തതിനാൽ മരണ കാരണം എന്താണെന്ന് കൃത്യമായി മനസിലാക്കാൻ സാധിച്ചില്ലെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോ. എലിസബത്ത് വെന്റൂറ കോടതിയെ അറിയിച്ചു. ഹൃദയവും ശ്വാസകോശവുമെല്ലാം പുഴുക്കൾ തിന്നു തീർത്തിരുന്നു. അതേസമയം കുട്ടി ഒട്ടേറെ തവണ ശാരീരിക ആക്രമണങ്ങൾക്ക് വിധേയയായിരുന്നുവെന്ന് ഡോക്ടർമാർ മൊഴി നൽകി. എട്ട് മാസത്തിനിടെ അഞ്ച് തവണ കുട്ടിയുടെ എല്ലൊടിഞ്ഞു. ഷെറിന് വൈറ്റമിൻ ഡിയുടെ കുറവും അതുമൂലമുള്ള കണരോഗവുമുണ്ടായിരുന്നു.