കൊച്ചി:കസ്റ്റഡി മരണങ്ങൾ തുടർക്കഥയാകുമ്പോഴും പതിനൊന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ വരാപ്പുഴ ചവിട്ടിക്കൊല കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ക്രൈംബ്രാഞ്ച് മുടന്തൻ ന്യായങ്ങൾ നിരത്തി വൈകിപ്പിക്കുന്നു. കഴിഞ്ഞ വർഷം ജൂലായിൽ അന്വേഷണം പൂർത്തിയായ കേസിൽ സസ്പെൻഷനിലായിരുന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും സർവീസിൽ തിരികെ കയറി.
ശ്രീജിത്തിന്റെ വസ്ത്രങ്ങളുടെയും ആന്തരികാവയവങ്ങളുടെയും
പ്രതികളുടെ മൊബൈൽ ഫോൺ കാളുകളുടെയും
ഫോറൻസിക് റിപ്പോർട്ട് കിട്ടിയാലുടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് കഴിഞ്ഞ ജൂലായിൽ പറഞ്ഞിരുന്നത്. ഈ റിപ്പോർട്ടുകളെല്ലാം കിട്ടിയിട്ടും കുറ്റപത്രം സമർപ്പിച്ചില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നു എന്നാണ് പുതിയ ന്യായം.
വരാപ്പുഴ സംഭവത്തിനു ശേഷം നടന്ന എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു കൊലക്കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. കെവിൻ വധക്കേസിൽ വിചാരണയും തുടങ്ങി.
മുഖ്യപ്രതികൾ
പതിനൊന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. എറണാകുളം റൂറൽ മുൻ പൊലീസ് മേധാവി എ.വി. ജോർജിന്റെ റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) അംഗങ്ങളായ സന്തോഷ് കുമാറാണ് ഒന്നാം പ്രതി. ജിതിൻ രാജ്, സുമേഷ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. വരാപ്പുഴ മുൻ എസ്.ഐ ജി.എസ്. ദീപക്, പറവൂർ മുൻ സി.ഐ ക്രിസ്പിൻ സാം എന്നിവരും പ്രതിപ്പട്ടികയിൽ മുൻനിരയിലുണ്ട്. എ.വി.ജോർജിനെ കുറ്റവിമുക്തനാക്കി.
ശ്രീജിത്ത് മരിക്കുന്നതിന് മുമ്പ് ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ പറവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് സ്മിത നിർണായക സാക്ഷിയാകും.
കേസ് ഇങ്ങനെ
വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമണക്കേസിൽ പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കൊല്ലപ്പെട്ടതാണ് കേസ്. ശ്രീജിത്തിനെ ആളുമാറി പൊലീസ് ചവിട്ടിക്കൊന്നെന്ന വാർത്ത പുറത്തു കൊണ്ടുവന്നത് 'കേരളകൗമുദി'യാണ്.
ആർ.ടി.എഫും ലോക്കൽ പൊലീസും അറസ്റ്റ് ചെയ്ത ശ്രീജിത്ത് ഉൾപ്പെടെ ഏഴു പ്രതികളും സംഭവസ്ഥലത്ത് പോയിട്ടില്ലെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.
കഴിഞ്ഞ വർഷം ഏപ്രിൽ ആറിനാണ് ഒരു സംഘമാളുകൾ വാസുദേവന്റെ വീടാക്രമിച്ചത്. പിന്നാലെ വാസുദേവൻ വീട്ടിൽ തൂങ്ങിമരിച്ചു. അന്ന് രാത്രി തന്നെ പത്തരയോടെ വീട്ടിൽ ഉറങ്ങിക്കിടന്ന ശ്രീജിത്തിനെ ആർ.ടി.എഫ് കസ്റ്റഡിയിലെടുത്തു. അപ്പോൾ ആർ.ടി.എഫും ലോക്കപ്പിൽ എസ്.ഐ ദീപക്കും ശ്രീജിത്തിനെ മർദ്ദിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അറസ്റ്റ് നടപടികൾ പാലിച്ചില്ലെന്നും കേസ് രേഖകളിൽ തിരിമറി നടത്തിയെന്നുമാണ് ക്രിസ്പിൻ സാമിനെതിരായ കുറ്റം. മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ഇതിനെല്ലാം ഒത്താശ ചെയ്തു.
''സ്പെഷ്യൽ പ്രോസിക്യൂട്ടറായി ശ്രീജിത്തിന്റെ ബന്ധുക്കൾ നിർദ്ദേശിച്ച അഭിഭാഷകന്റെ പേര് സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. നിയമനമുണ്ടായാലുടൻ കുറ്റപത്രം സമർപ്പിക്കും''
എസ്. ശ്രീജിത്ത്
ഐ.ജി, ക്രൈംബ്രാഞ്ച്
വിശ്വാസം നഷ്ടപ്പെട്ടു:ശ്യാമള
ഒരു വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ തന്റെ വിശ്വാസം
നഷ്ടപ്പെട്ടതായി ശ്രീജിത്തിന്റെ അമ്മ ശ്യാമള കേരളകൗമുദിയോട് പറഞ്ഞു. ഇന്നലെ രാവിലെ താൻ ഐ. ജി ശ്രീജിത്തിനെ വിളിച്ച് ഇക്കാര്യം പറഞ്ഞു. പൊലീസുകാർ പ്രതികളായ കേസായതിനാൽ കുറ്റപത്രത്തിൽ ഒരു പഴുതും വരാതെ നോക്കണമെന്നും അതിനാലാണ് വൈകിയതെന്നും താമസിയാതെ കുറ്റപത്രം സമർപ്പിക്കുമെന്ന് ഐ. ജി ഉറപ്പു നൽകിയതായും ശ്യാമള അറിയിച്ചു.