ഇടുക്കി: പീരുമേട് സബ്‌ജയിലിൽ റിമാൻഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിനിടയാക്കിയത് മർദ്ദനത്തെടുടർന്നുള്ള ആന്തരികമുറിവുകൾ മൂലമുണ്ടായ ന്യുമോണിയയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മർദ്ദനത്തിൽ രാജ്കുമാറിന്റെ വാരിയെല്ലുകൾ ഒടിഞ്ഞെന്നും രണ്ടു കാലുകളിലും ഗുരുതരമായ മുറിവുണ്ടായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തത് 12-ാം തീയതിയാണെന്ന ദൃക്സാക്ഷി മൊഴിയും പുറത്തുവന്നു. 15-ാം തീയതിയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വാദിച്ചിരുന്നത്. നാട്ടുകാർ ചേർന്ന് പ്രതിയെ കുട്ടിക്കാനത്ത് വെച്ച് പിടികൂടി 12ന് വൈകിട്ട് മൂന്നിന് നെടുംകണ്ടം പൊലീസിന് കൈമാറിയെന്നാണ് ദൃക്‌സാക്ഷി മൊഴി. പ്രതിയെ പൂർണ ആരോഗ്യവാനായാണ് നാട്ടുകാർ പൊലീസിന് കൈമാറിയതെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി. രാജ്കുമാറിന്റെ മരണത്തിന് കാരണം ക്രൂരമർദ്ദനത്തെ തുടർന്നുള്ള ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കൃത്യസമയത്ത് ചികിത്സ നൽകാത്തത് മൂലം മുറിവുകൾ പഴുത്ത് ന്യുമോണിയ ബാധിച്ചാണ് രാജ്കുമാർ മരിച്ചത്. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. ഇരുകാലുകൾക്കും സാരമായി പരിക്കുണ്ടെന്നും തൊലി അടർന്ന നിലയായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
പതിനാറാം തിയ്യതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ രാജ്കുമാറിന്റെ അവസ്ഥ തീരെ മോശമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർമാർ വെളിപ്പെടുത്തി. ജയിലിലേക്ക് മാറ്റാൻ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും അത് കേൾക്കാതെ പ്രതിയെ പൊലീസ് കൊണ്ടുപോയെന്നും ഡോക്ടർമാർ പറഞ്ഞു.
നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരുടെ വിശ്രമമുറിയിലാണ് രാജ്‌കുമാർ ആക്രമത്തിനിരയായത്. സ്റ്റേഷനിലെ ഒന്നാംനിലയിലാണ് വിശ്രമമുറി. രണ്ട് പൊലീസ് ഡ്രൈവർമാരും ഒരു എ.എസ്.ഐയുമാണ് മർദനത്തിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന.
ഇങ്ങനെ ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് ഡി. ജി. പി പറഞ്ഞു. സംഭവത്തിൽ ഇതുവരെ 13 പൊലീസുകാർക്കെതിരെ വകുപ്പ്തല നടപടി സ്വീകരിച്ചു. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി.