customs-duty

വാഷിംഗ്ടൺ : അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് പിൻവലിക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ജപ്പാനിലെ ഒസാക്കയിൽ ജി-20 ഉച്ചകോടിക്കിടയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെ യു.എസ് പ്രസിഡന്റിന്റെ പ്രസ്താവന. ഇതോടെ ഇന്ത്യയും യു.എസും തമ്മിലുള്ള നികുതിയുദ്ധം വീണ്ടും രൂക്ഷമായി.

'വർഷങ്ങളായി യു.എസിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് വൻ ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. അടുത്തിടെ അതു വീണ്ടും വർദ്ധിപ്പിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ നടപടി തീർച്ചയായും പിൻവലിച്ചിരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യം ചർച്ച ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്’ - ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ജൂൺ 1 മുതൽ നികുതി ഉയർത്തിയ യു.എസ് നടപടിക്ക് മറുപടിയായി, അവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്താൻ ഈ മാസമാദ്യമാണ് ഇന്ത്യ തീരുമാനിച്ചത്. ജൂൺ അഞ്ചിന് ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണനയും അമേരിക്ക പിൻവലിച്ചിരുന്നു.

ഇതു സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടെയാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയിലെത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയത്.

 കൂടിക്കാഴ്ച ഇന്ന്

ഒസാക്കയിൽ ഇന്ന് ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വ്യാപാരമേഖലയിലെ അസ്വാരസ്യങ്ങൾ, ഇന്ത്യ റഷ്യയിൽ നിന്ന് എസ് - 400 ട്രയംഫ് മിസൈലുകൾ വാങ്ങുന്നതിൽ യു.എസിനുള്ള എതിർപ്പ്, ഇറാനെതിരെയുള്ള യു.എസ് നടപടി ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കുന്നത് തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് കരുതുന്നത്.