ഭോപ്പാൽ: ഗോരക്ഷയെന്ന പേരിൽ അക്രമം നടത്തുന്നവരെ അകത്താക്കാൻ കർശന നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ. ഗോ സംരക്ഷകരെന്ന് അവകാശപ്പെട്ട് പശുവിന്റെ പേരിൽ അക്രമം നടത്തുന്നവർക്ക് അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന വിധത്തിൽ നിയമബേദഗതി കൊണ്ടുവരാനാണ് സർക്കാരിന്റെ നീക്കം.
ഇതിനായി ഗോസംരക്ഷണ നിയമം അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭേദഗതി ചെയ്യുമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പശുക്കളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നിയമമന്ത്രി പി.സി.ശർമ പറഞ്ഞു. എന്നാൽ പശുക്കളെ സംരക്ഷിക്കുകയോ അവയെ പരിപാലിക്കുകയോ ചെയ്യാത്തവരാണ് അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. അത്തരം നടപടികൾ ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്നും മന്ത്രി വ്യക്തമാക്കി.
പശു സംരക്ഷണത്തിന്റെ പേരിൽ അക്രമം നടത്തുന്നവരിൽ നിന്ന് 50,000 രൂപ പിഴ ഈടാക്കാനും നീക്കമുണ്ടെന്ന് റിപ്പോർട്ടുണ്ട്.