ന്യൂഡൽഹി: കടക്കെണിയിൽപ്പെട്ട് നട്ടംതിരിയുന്ന പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ഓഹരി വില്‌പന നീക്കം കേന്ദ്രസർക്കാർ മരവിപ്പിച്ചു. ഇന്ധന വിലവർദ്ധന, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടം എന്നിവ പരിഗണിച്ചാണ് തീരുമാനമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. സാഹചര്യങ്ങൾ അനുകൂലമായാൽ ഓഹരി വില്‌പന വീണ്ടും പരിഗണിക്കുമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റെ പക്കലാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 76 ശതമാനം ഓഹരികൾ വിറ്റൊഴിയാൻ കേന്ദ്രം ശ്രമിച്ചെങ്കിലും വാങ്ങാൻ ആരുമെത്തിയിരുന്നില്ല. കഴിഞ്ഞ മാർച്ച് 31ലെ കണക്കനുസരിച്ച് 58,351.93 കോടി രൂപയുടെ കടബാദ്ധ്യതയാണ് എയർ ഇന്ത്യയ്ക്കുള്ളത്. 2012 മുതൽ കേന്ദ്ര സർക്കാർ അനുവദിച്ച രക്ഷാപാക്കേജിന്റെ കരുത്തിലാണ് ഇപ്പോൾ പ്രവർത്തനം. ഇതിനകം 30,000 കോടിയോളം രൂപ സർക്കാരിൽ നിന്ന് ലഭിച്ചു. ഈ ബാദ്ധ്യത ഒഴിവാക്കുക കൂടിയാണ് ഓഹരി വില്‌പനയിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്. 2017-18ൽ 5,337 കോടി രൂപയുടെ നഷ്‌ടം എയർ ഇന്ത്യ രേഖപ്പെടുത്തിയിരുന്നു. 2018-19ൽ നഷ്‌ടം 7,635 കോടി രൂപയായിരിക്കുമെന്നാണ് വിലയിരുത്തലുകൾ.