g20-summit

ഒസാക്ക (ജപ്പാൻ): ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ' ജയ് ശ്രീറാം" വിളികളോടെ സ്വീകരണം

കോബെയിൽ ജപ്പാനിലെ ഇന്ത്യൻ പ്രവാസികൾ ഒരുക്കിയ സ്വീകരണത്തിലാണ് മോദിയെ 'ജയ് ശ്രീറാം" വിളികളോടെ എതിരേറ്റത്. വന്ദേ മാതരം, ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് മുദ്രാവാക്യങ്ങളും ഉയർന്നു. ജപ്പാനിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് പ്രവാസികളാണെന്ന് മോദി പറഞ്ഞു. ഭാരത് മാതാ കീ ജയ്, വന്ദേ മാതരം വിളികളോടെയാണ് മോദിയും പ്രസംഗം അവസാനിപ്പിച്ചത്.

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുമായും മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി. ജപ്പാനിൽ പുതിയ ചക്രവർത്തി സ്ഥാനമേറ്റെടുത്ത ശേഷം (റയ്‌വ കാലഘട്ടം) നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ജപ്പാൻ-ഇന്ത്യ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു.

ചൊവ്വാഴ്ച പുലർച്ചെയാണ് അദ്ദേഹം ജപ്പാനിലെ ഒസാക്കയിൽ എത്തിയത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ് എന്നിവർ അടക്കമുള്ള രാഷ്ട്രത്തലവൻമാരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

സ്ത്രീ ശാക്തീകരണം, നിർമ്മിത ബുദ്ധി, ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്നിവയായിരിക്കും ഇന്ത്യ മുന്നോട്ടുവെക്കുന്ന പ്രധാന വിഷയങ്ങൾ. ഇറാൻ യുഎസ് സംഘർഷം, ഹോങ്കോങ് പ്രക്ഷോഭം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയായേക്കും.

ഇന്നും നാളെയുമാണ് ഉച്ചകോടി നടക്കുന്നത്.

പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ആറാമത്തെ ജി 20 ഉച്ചകോടിയാണ് ഇത്. 2022-ൽ നടക്കാൻ പോകുന്ന ജി 20 ഉച്ചകോടിയുടെ ആതിഥേയരാവാൻ തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഒസാക്ക ഉച്ചകോടി നിർണായകമാവും.