തിരുവനന്തപുരം: ആന്തൂരിൽ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിനെതുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അദ്ധ്യക്ഷയ്ക്ക് പൂർണ പിന്തുണ ആവർത്തിച്ച് മുഖ്യമന്ത്രി. പി.കെ.ശ്യാമള രാജിവയ്ക്കണമെന്നത് രാഷ്ട്രീയ മുദ്രാവാക്യം മാത്രമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ആന്തൂർ ആത്മഹത്യയെ ചൊല്ലി കണ്ണൂർ രാഷ്ട്രീയത്തിൽ ഭിന്നത പടരുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. സംഭവത്തിന് ഉത്തരവാദികൾ നഗരസഭാ ഉദ്യോഗസ്ഥരെന്ന് ആവർത്തിച്ച മുഖ്യമന്ത്രിയുടെ നിലപാട് പി.കെ.ശ്യാമളയ്ക്കെതിരെ രംഗത്ത് വന്ന പി.ജയരാജൻ അടക്കമുള്ളവർക്കുള്ള മറുപടി കൂടിയാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു,.
അതേസമയം താൻ തദ്ദേശസ്വയംഭരണ മന്ത്രിയായിരിക്കുന്ന കാലത്ത് സാജൻ പാറയിലിന്റെ കൺവെൻഷൻ സെന്ററിന്റെ പ്രശ്നം ജെയിംസ് മാത്യു എം.എൽ.എ തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് കെ.ടി.ജലീൽ പറഞ്ഞു. എന്നാൽ ജെയിംസ് മാത്യുവിന് പിന്നാലെ എം.വി. ഗോവിന്ദൻ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചുവെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അറിയില്ലെന്ന് ജലീല്‍ പറയുന്നു. ഇതേക്കുറിച്ച് പ്രൈവറ്റ് സെക്രട്ടറി തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ജലിലീന്റെ വിശദീകരണം.
പ്രവാസിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവും പ്രതിപക്ഷ എം.എൽ.എമാരും ലോകകേരളസഭയിൽ നിന്നും രാജിവെച്ചിരുന്നു.