കോയമ്പത്തൂർ: കമിതാക്കൾ മുറി നൽകിയ ഹോട്ടൽ ഇടതുപക്ഷ വനിതാ സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷൻ നൽകിയ പരാതിയെ തുടർന്ന് പൂട്ടി. കോയമ്പത്തൂരിലെ പിലമേടിൽ പ്രവർത്തിക്കുന്ന ഓയോ ഹോട്ടലാണ് പൂട്ടിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ഹോട്ടൽ അധികൃതർ അവിവാഹിതർക്ക് മുറി അനുവദിക്കുമെന്ന് പരസ്യം ചെയ്തിരുന്നു.
കമിതാക്കൾക്ക് മുറി അനുവദിക്കുന്നത് സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ലെന്ന സദാചാര പ്രശ്നം ഉന്നയിച്ചാണ് ജനാധിപത്യ അസോസിയേഷൻ ഭാരവാഹികൾ ജില്ലാ അധികൃതർക്ക് പരാതി നൽകിയത്. അതേസമയം, കെട്ടിടത്തിന് താമാസാനുമതി മാത്രമാണെന്നും ഹോട്ടൽ അനുമതി ഇല്ലെന്നും പരാതിയിൽ പറയുന്നുണ്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
ജനാധിപത്യ മഹിള അസോസിയേഷന്റെ പരാതിയെ തുടർന്ന് റവന്യൂ അധികൃതർ സ്ഥലത്തെത്തി രേഖകൾ പരിശോധിച്ചാണ് ഹോട്ടൽ അടച്ചുപൂട്ടിയത്. ഹോട്ടലിലെത്തിയ ഉദ്യോഗസ്ഥർ കോളേജ് വിദ്യാർത്ഥികൾ റൂമിൽ ഉണ്ടായിരുന്നെന്നുംഅറിയിച്ചു. അവിവാഹിതരായ ജോഡികൾക്ക് മുറി അനുവദിക്കുന്നത് കുറ്റകരമാണെന്നും കോളേജ് വിദ്യാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ തെളിവിൽ ഹോട്ടലിൽ മുറി അനുവദിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഹോട്ടലുടമക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.