മുംബയ് : മറാത്താ വിഭാഗങ്ങൾക്ക് മഹാരാഷ്ട്രയിൽ വിദ്യാഭ്യാസത്തിനും സർക്കാർ ജോലിക്കും സംസ്ഥാന സർക്കാർ സംവരണം ഏർപ്പെടുത്തിയത് ബോംബെ ഹൈക്കോടതി ശരിവെച്ചു. എന്നാൽ 16 ശതമാനം സംവരണം എന്നത് വിദ്യാഭ്യാസത്തിന് 12 ശതമാനവും സർക്കാർ ജോലിക്ക് 13 ശതമാനവുമാക്കി കുറച്ചു.
മഹാരാഷ്ട്രയിലെ പിന്നാക്ക വിഭാഗ കമ്മീഷൻ വിദ്യാഭ്യാസത്തിന് 12 ശതമാനവും, സർക്കാർ ജോലിയിൽ 13 ശതമാനവും സംവരണമാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ നവംബർ 29ന് മറാത്താ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിനും ഉദ്യോഗങ്ങൾക്കും 16 ശതമാനം സംവരണം ഏർപ്പെടുത്തുന്ന ബിൽ നിയമസഭ പാസാക്കുകയായിരുന്നു. അതോടെ സംസ്ഥാനത്തെ
മൊത്തം സംവരണം 68 ശതമാനമായി ഉയർന്നു. ഇതിനെതിരെയുള്ള നിരവധി ഹർജികൾ കോടതി ഒരുമിച്ച് പരിഗണിക്കുകയായിരുന്നു.
സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന സുപ്രീം കോടതി വിധിയുണ്ടെങ്കിലും മഹാരാഷ്‌ട്രയിൽ സംവരണം 52ശതമാനമായിരുന്നു. അതാണ് 68 ശതമാനമായി കുതിച്ചുയർന്നത്. അത് അംഗീകരിക്കാതെയാണ് കോടതി 12, 13 ശതമാനമായി കുറച്ചത്. അപ്പോഴും മൊത്തം സംവരണം 64, 65 ശതമാനമാണ്. സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേകം സംവരണം കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നാണ് ജസ്റ്റിസ് രഞ്ജിത് മോറെ, ഭാരതി ദാങ്‌ഗ്രെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി. പിന്നാക്ക വിഭാഗ കമ്മിഷൻ സമർപ്പിച്ച വിവരങ്ങൾ പ്രകാരം മറാത്ത സമുദായം പിന്നാക്ക വിഭാഗമാണെന്നും കോടതി പറഞ്ഞു.
ഇക്കൊല്ലം 16 ശതമാനം
16 ശതമാനം സംവരണം നിരവധി വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ടെന്നും അത് ഇക്കൊല്ലം തുടരാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക ഹർജി നൽകാൻ കോടതി നിർദ്ദേശിച്ചു.