kerala-school-

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഉച്ചഭക്ഷണത്തിന് പുറമേ പഴവർഗങ്ങളും നൽകാനുള്ള പദ്ധതി ആരംഭിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഭക്ഷണത്തിനൊപ്പം വിദ്യാർത്ഥികൾക്ക് പഴങ്ങൾ കൂടി നൽകാനുള്ള പദ്ധതിക്കാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി തയ്യാറാക്കിയ സമഗ്ര പദ്ധതി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സർക്കാരിന് സമർപ്പിച്ചു. ഒന്നു മുതൽ എട്ടുവരെയുള്ള സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 28 ലക്ഷം വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഇതോടെ ഉച്ചഭക്ഷണത്തിനു പുറമേ പാലും പഴവും മുട്ടയും നൽകുന്ന ഒരേയോരു സംസ്ഥാനമായി കേരളം മാറും. ഓരോ വിദ്യാർത്ഥിക്കും ആഴ്ചയിൽ രണ്ടുദിവസമായി 10 രൂപയുടെ പഴം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാഴപ്പഴം, പേരയ്ക്ക, മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങിയവയാണ് ഇതിനായി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.


വിഷരഹിത ഫലവർഗങ്ങളായിരിക്കും വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി ഉപയോഗിക്കുക. നിലവിൽ ചോറിനൊപ്പം പഴവർഗങ്ങളും പച്ചക്കറിയും ഉൾപ്പെടെയുള്ള കറികൾ നൽകിവരുന്നുണ്ട്. ഇതിനൊപ്പം ആഴ്ചയിൽ രണ്ടുതവണ പാലും മുട്ടയും നൽകുന്നുണ്ട്. സ്കൂൾ‌ വിദ്യാർത്ഥികളിൽ മികച്ച ആരോഗ്യ ശീലം വളർത്തിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ അറിയിച്ചു.