k-surendran-

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളുന്നതിൽ ഒട്ടും പിശുക്ക് കാണിക്കാത്ത നേതാവാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരുപോസ്റ്റ് പങ്കുവച്ച് മുഖ്യമന്ത്രിയെ ട്രോളുകയാണ് കെ. സുരേന്ദ്രൻ ഇപ്പോൾ.

‘ഞാൻ പറയുന്നത് ആരും കേൾക്കാത്തതിനാൽ ക്ലാസ് ലീഡർ സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചു’ എന്ന് എഴുതിയുള്ള ശ്രേയ എന്ന വിദ്യാർത്ഥിനിയുടെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശ്രേയയുടെ ഈ കത്താണ് കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ചത്. ഈ ചിത്രത്തിന് മുകളിൽ ‘കണ്ടു പഠിക്കണം പിണറായി സഖാവേ…’എന്നൊരു തലക്കെട്ടും സുരേന്ദ്രൻ കുറിച്ചു. നിമിഷ നേരം കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയൻ രാജിവയ്ക്കണം എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.


അതേസമയം പോസ്റ്റിന് താഴെ കെ.സുരേന്ദ്രന് കിടിലം മറുപടിയും ലഭിക്കുന്നുണ്ട്. ഒരു തിരഞ്ഞെടുപ്പിലെങ്കിലും ജയിച്ച് എം.എൽഎയാകൂ എന്നിട്ടാകും എം.എൽ.എയായി മുഖ്യമന്ത്രിയായ ഒരാളെ ട്രോളുന്നത് എന്ന മറുപടിയും സുരേന്ദ്രന് ലഭിക്കുന്നുണ്ട്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ വിജയപ്രതീക്ഷയുമായി എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച സുരേന്ദ്രൻ മൂന്നാംസ്ഥാനത്തായിരുന്നു.