മാഞ്ചസ്റ്റർ : ലോകകപ്പിലെ ആറാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 125 റൺസിന് ചുരുട്ടിയെറിഞ്ഞ് വിരാടും കൂട്ടരും സെമിഫൈനലിലേക്കുള്ള തങ്ങളുടെ ചുവടുകൾ ദൃഡമാക്കി. ഇതുവരെ ഒറ്റക്കളിപോലും തോൽക്കാത്ത ഇന്ത്യയ്ക്ക് ഒരു ജയം കൂടി നേടാനായാൽ സെമിപ്രവേശനം ആധികാരികമാക്കാം. മാഞ്ചസ്റ്ററിൽ ആദ്യം ബാറ്റ് ചെയ്ത് 268/7 എന്ന സ്കോറുയർത്തിയ ഇന്ത്യ 34.2 ഒാവറിൽ 143 റൺസിന് കരീബിയൻ ടീമിനെ ആൾഒൗട്ടാക്കുകയായിരുന്നു.
ഒാപ്പണർ രോഹിത് ശർമ്മയെ (18) മൂന്നാം അമ്പയറുടെ നാലാംകിട തീരുമാനത്തിലൂടെ നഷ്ടമായ ഇന്ത്യയ്ക്കുവേണ്ടി ക്യാപ്ടൻ കൊഹ്ലിയും (72), മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയും (56 നോട്ടൗട്ട്) അർദ്ധ സെഞ്ച്വറികൾ നേടുകയും കെ.എൽ. രാഹുൽ (48), ഹാർദിക് പാണ്ഡ്യ (46) എന്നിവർ അർദ്ധസെഞ്ച്വറികൾക്കരികെ വരെ എത്തുകയും ചെയ്തെങ്കിലും പ്രതീക്ഷിച്ചതുപോലൊരു മികച്ച സ്കോർ നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല.പക്ഷേ കഴിഞ്ഞ കളിയിലേതുപോലെ അവസരത്തിനൊത്തുയർന്ന ഷമിയും ബുംറയും ചഹലും വിൻഡീസിനെ നിലംതൊടാനേ സമ്മതിച്ചില്ല.തുടക്കത്തിൽത്തന്നെ ഗെയ്ലിനെയും ഹോപ്പിനെയും പുറത്താക്കിയ ഷമി നാലുവിക്കറ്റുകളുമായാണ് മത്സരം അവസാനിപ്പിച്ചത്. ബുംറയ്ക്കും ചഹലിനും രണ്ട് വിക്കറ്റുവീതം ലഭിച്ചു. കുൽദീപിനും ഹാർദിക്കിനും ഒരോ വിക്കറ്റും.
രാഹുലും രോഹിതും ചേർന്ന് കരുതലോടെയാണ് ബാറ്റിംഗ് തുടങ്ങിയത്. 23 പന്തുകളിൽ ഒാരോ ഫോറും സിക്സുമടക്കം 18 റൺസ് നേടിയ രോഹിത് ശർമ്മ ആറാം ഒാവറിന്റെ അവസാന പന്തിൽ വിവാദ ക്യാച്ചിലൂടെ പുറത്താകുമ്പോൾ ഇന്ത്യ 29/1 എന്ന നിലയിലായിരുന്നു. തുടർന്ന് ക്രീസിലേക്കെത്തിയ കൊഹ്ലിയും രാഹുലും ചേർന്ന് ഇന്നിംഗ്സിനെ കരകയറ്റിതുടങ്ങി. സൂക്ഷ്മതയോടെയാണ് ഇരുവരും ബാറ്റ് വീശിയത്. 11-ാം ഒാവറിൽ 50 കടന്ന ഇന്ത്യൻ ടീം 22-ാം ഒാവറിലാണ് 100 ലെത്തിയത്. 100 ലെത്തുന്നതിന് തൊട്ടുമുമ്പാണ് രാഹുലിനെ നഷ്ടമായത്. 64 പന്തുകൾ നേരിട്ട് ആറ് ബൗണ്ടറികൾ പായിച്ച രാഹുലിനെ വിൻഡീസ് ക്യാപ്ടൻ ജാസൺ ഹോൾഡർ ക്ളീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് വിജയ് ശങ്കർ ക്രീസിലേക്കെത്തി. പതിവുപോലെ താളത്തിലേക്ക് എത്താൻ വിജയ് ശങ്കറിന് ഏറെ പന്തുകൾ നേരിടേണ്ടിവന്നു. മൂന്ന് ബൗണ്ടറികൾ പായിച്ചെങ്കിലും 19 പന്തുകളിൽ 14 റൺസ് നേടിയ വിജയ് ശങ്കറിന്റെ പോരാട്ടം 27-ാം ഒാവറിൽ കെമർ റോഷിന്റെ ബൗളിംഗിൽ അവസാനിച്ചു. കീപ്പർ ഹോപ്പിനായിരുന്നു ക്യാച്ച്. വൈകാതെ കേദാർ യാദവും (7) സമാനരീതിയിൽ കൂടാരം കയറി. ഇതോടെ ഇന്ത്യ 140/4 എന്ന നിലയിൽ.
അർദ്ധസെഞ്ച്വറി കടന്ന കൊഹ്ലിയും തട്ടിമുട്ടിക്കളിയുമായി ധോണിയും മുന്നോട്ടുനീങ്ങി. 39-ാം ഒാവറിലാണ് അനാവശ്യമായി ഒരു ക്രോസ് ഷോട്ടിന് ശ്രമിച്ച് കൊഹ്ലി പുറത്താകുന്നത്. 82 പന്തുകൾ നേരിട്ട ഇന്ത്യൻ ക്യാപ്ടൻ എട്ട് ബൗണ്ടറികൾ പായിക്കുകയും അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗത 20000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന റെക്കാഡ് സ്വന്തമാക്കുകയും ചെയ്തശേഷമാണ് തിരിച്ചുനടന്നത്.
ധോണി മെല്ലപ്പോക്ക് തുടർന്നപ്പോൾ ഹാർദിക് പാണ്ഡ്യയുടെ വീശിയടിയാണ് ഇന്ത്യയെ 250 കടത്തിയത്. ഹാർദിക് 38 പന്തുകളിൽ അഞ്ച് ബൗണ്ടറിയടക്കമാണ് 46 റൺസ് നേടിയത്. 49-ാം ഒാവറിലാണ് ഹാർദിക് പുറത്താകുന്നത്. ഇതേ ഒാവറിൽ ഷമിയും മടങ്ങി. അവസാന ഒാവറുകളിൽ ധോണി വീശിക്കളിച്ചു. 61 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കമായിരുന്നു ധോണിയുടെ 56 നോട്ടൗട്ട്. വിൻഡീസ് നിരയിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത് കെമർറോഷാണ്. മൂന്നെണ്ണം. എന്നാൽനന്നായി പന്തെറിഞ്ഞത് ക്യാപ്ടൻ ഹോൾഡറും. 10 ഒാവറിൽ രണ്ട് മെയ്ഡനടക്കം 33 റൺസ് മാത്രം വഴങ്ങിയ ഹോൾഡർ രണ്ട് വിക്കറ്റ് വീഴ്ത്തി. കോട്ട്റലിന് ഇന്ത്യയുടെ അവസാന രണ്ട് വിക്കറ്റുകളാണ് ലഭിച്ചത്.
മറുപടിക്കിറങ്ങിയ വിൻഡീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ ക്രിസ്ഗെയ്ലിനെ നഷ്ടമായി. ഷമിയെ ഉയർത്തിയടിക്കാൻ ശ്രമിച്ച ഗെയ്ലിനെ (6) കേദാർ പിടികൂടുകയായിരുന്നു. അഞ്ചാം ഓവറിലാണ് ഗെയ്ൽ പുറത്തായത്. ഏഴാം ഓവറിൽ ഷമി അടുത്ത വിക്കറ്റും വീഴത്തി. ഷായ്ഹോപ്പിനെ (5) ക്ളീൻ ബൗൾഡാക്കുകയായിരുന്നു ഷമി. തുടർന്ന് സുനിൽ അംബ്രീസും (31) നിക്കോളാസ്പുരാനും ചേർന്ന ചെറുത്തുനിന്നു. 18-ാം ഓവറിൽ ഹാർദിക് പാണ്ഡ്യ അംബ്രീസിനെ എൽ.ബിയിൽ കുരുക്കി മടക്കി.തുടർന്ന് നിക്കോളാസ് (28), ഹോൾഡർ (6), ബ്രാത്ത് വെയ്റ്റ് (1),അല്ലൻ(0),ഹെറ്റ്മേയർ (18) എന്നിവർ കൂടി വരിവരിയായി കൂടാരം കയറിയതോടെ വിൻഡീസ് 112/8 എന്നനിലയിലായി.തുടർന്ന് ചഹൽ കാെട്ടെറലിന്റെയും ഷമി ഒഷാനേ തോമസിന്റെയും വെല്ലുവിളി അവസാനിപ്പിച്ച് 94 പന്തുകൾ ബാക്കി നിറുത്തി വിജയം ആഘോഷിച്ചു.